സംഭൽ: ഉത്തർപ്രദേശിലെ സംഭൽ ജില്ലയിൽ നഖാസ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ കസേർവ ഗ്രാമത്തിലുള്ള മുസ്തഫ ഖാദിരി മസ്ജിദ് ഭരണകൂടം പൊളിച്ചുനീക്കി. അർധരാത്രിയിൽ രണ്ട് ബുൾഡോസറുകൾ ഉപയോഗിച്ചാണ് പള്ളി പൂർണ്ണമായും തകർത്തത്.
സംഭവത്തിൽ പ്രതിഷേധം ശക്തമാകുകയാണ്. പള്ളിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിക്കാൻ കോൺഗ്രസ് പ്രതിനിധി സംഘം ഗ്രാമം സന്ദർശിച്ചതിന് തൊട്ടുപിന്നാലെയാണ് രാത്രിയുടെ മറവിൽ പൊളിച്ചത്. കോൺഗ്രസ് സംഘം മടങ്ങിയ ഉടൻ തന്നെ അധികൃതർ വേഗത്തിൽ നീങ്ങുകയും കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ പോലും നീക്കം ചെയ്യുകയുമായിരുന്നു. ബുൾഡോസർ ഉപയോഗിച്ച് പള്ളി തകർക്കുന്നതിന്റെയും അവശിഷ്ടങ്ങൾ മാറ്റുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഭരണകൂട ഭികരതക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ പാർട്ടികളായ സമാജ്‌വാദി പാർട്ടിയും കോൺഗ്രസും രംഗത്തെത്തി. യാതൊരുവിധ നിയമനടപടികളും പാലിക്കാതെയാണ് ഭരണകൂടം ധൃതിപിടിച്ച് പള്ളി തകർത്തതെന്ന് ഇവർ ആരോപിച്ചു. പള്ളി നിലനിന്നിരുന്ന സ്ഥലം സർക്കാരിന്റേതല്ല, മറിച്ച് വഖഫ് ബോർഡിന്റെ സ്വത്താണെന്ന് സമാജ്‌വാദി പാർട്ടി നേതാവ് സിയാഉർ റഹ്മാൻ ബർഖ് ചൂണ്ടിക്കാട്ടി. നിയമവിരുദ്ധമായ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ശ്മശാനത്തിനായി നീക്കിവെച്ച ഗ്രാമസഭാ ഭൂമിയിലാണ് പള്ളി സ്ഥിതി ചെയ്യുന്നതെന്നും, ഇത് അനധികൃത നിർമ്മാണമാണെന്നുമാണ് ജില്ലാ ഭരണകൂടത്തിന്റെ ആരോപണം. പള്ളിയുടെ ഒരു ഭാഗം നേരത്തെ പൊളിച്ചിരുന്നുവെന്നും ശേഷിച്ച ഭാഗമാണ് ഇപ്പോൾ പൊളിച്ചതെന്നും ഇവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.