സര്‍ക്കാറുകളെ പിരിച്ചുവിടല്‍: ലോക്സഭയില്‍ കോണ്‍-ബി.ജെ.പി ഏറ്റുമുട്ടല്‍

 ന്യൂഡല്‍ഹി:  സംസ്ഥാന സര്‍ക്കാറിനെ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട് ലോക്സഭയില്‍ കോണ്‍ഗ്രസ്-ബി.ജെ.പി വാക്കേറ്റം.  ഉത്തരാഖണ്ഡിലും അരുണാചല്‍പ്രദേശിലും തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ പിരിച്ചുവിട്ട മോദി സര്‍ക്കാര്‍ ജനാധിപത്യത്തെ കശാപ്പുചെയ്തുവെന്ന് കോണ്‍ഗ്രസ് സഭാ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരോപിച്ചു. അതേസമയം, തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകളുടെ പിരിച്ചുവിട്ടതിന്‍െറ പാരമ്പര്യം  കോണ്‍ഗ്രസിനാണെന്ന്  ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് തിരിച്ചടിച്ചു.

മന്ത്രിയുടെ മറുപടിയില്‍ പ്രതിഷേധിച്ചും പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യപ്പെട്ടും കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോക്ക് നടത്തി. അരുണാചല്‍, ഉത്തരാഖണ്ഡ് വിഷയം സഭാനടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട്  ഖാര്‍ഗെ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും സ്പീക്കര്‍ അനുവദിച്ചില്ല.

 ശൂന്യവേളയില്‍ വിഷയം ചര്‍ച്ചക്കെടുത്തപ്പോള്‍ ഖാര്‍ഗെ മോദി സര്‍ക്കാറിനെതിരെ ആഞ്ഞടിച്ചു. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന  സ്വപ്നം നടപ്പാക്കുന്നതിന് കോണ്‍ഗ്രസ് സര്‍ക്കാറുകളെ അട്ടിമറിക്കുകയെന്നത് നയമായി സ്വീകരിച്ചിരിക്കുകയാണ് മോദി സര്‍ക്കാര്‍. അരുണാചലിലും ഉത്തരാഖണ്ഡിലും ഗവര്‍ണര്‍മാരെ ഉപയോഗിച്ച് സര്‍ക്കാറിനെ താഴെയിറക്കി.

സുപ്രീംകോടതി ഇടപെട്ട് കോണ്‍ഗ്രസ് സര്‍ക്കാറിന്‍െറ പുനസ്ഥാപിച്ച് മോദിക്ക് കനത്ത തിരിച്ചടി നല്‍കി. എന്നിട്ടും മണിപ്പൂരിലും ഹിമാചലിലും കോണ്‍ഗ്രസ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ കരുക്കള്‍ നീക്കുകയാണ്. മോദി സര്‍ക്കാര്‍ നിയമം ലംഘിച്ചതുകൊണ്ടാണ് സുപ്രീംകോടതിക്ക് ഇടപെടേണ്ടിവന്നത്. ഭരണഘടനാ തത്ത്വങ്ങളെ മോദി ഒട്ടും വിലമതിക്കുന്നില്ളെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും ഖാര്‍ഗെ പറഞ്ഞു.
 സ്വാതന്ത്ര്യത്തിനുശേഷം 105 തവണ സംസ്ഥാന സര്‍ക്കാറിനെ പിരിച്ചുവിട്ട കോണ്‍ഗ്രസിനാണ് അട്ടിമറിയുടെ പാരമ്പര്യമെന്ന്   മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.  അരുണാചലിലും ഉത്തരാഖണ്ഡിലും കോണ്‍ഗ്രസിനുള്ളിലെ ആഭ്യന്തര കലഹമാണ് സര്‍ക്കാറിന്‍െറ വീഴ്ചക്ക് കാരണം. കോണ്‍ഗ്രസ് മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണെന്ന് അതില്‍ ഉള്ളവര്‍ക്കുതന്നെ ബോധ്യമായിരിക്കുന്നു.  പലരും അതില്‍നിന്ന് പുറത്തുചാടുകയാണെന്നും  രാജ്നാഥ് പറഞ്ഞു. ഇതോടെ ക്ഷുഭിതരായ കോണ്‍ഗ്രസ് അംഗങ്ങള്‍ എഴുന്നേറ്റ് ബഹളം തുടങ്ങി. മറുപടിയുമായി ഭരണപക്ഷവും എഴുന്നേറ്റതോടെ സഭാതലം ശൂന്യവേളയില്‍ അല്‍പനേരം ബഹളത്തില്‍ മുങ്ങി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.