പകപോക്കാന്‍ ഐ.എസ് ബന്ധ ആരോപണം; വെട്ടിലായി ഏജന്‍സികള്‍

മുംബൈ: ഐ.എസ് ബന്ധമുണ്ടെന്ന വ്യാജ സന്ദേശത്തെ തുടര്‍ന്ന് മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയുടെയും (എ.ടി.എസ്)  മുംബൈ പൊലീസിന്‍െറയും ക്രൈംബ്രാഞ്ചിന്‍െറയും അന്വേഷണത്തിന് വിധേയമായത് 80 വയസ്സുകാരന്‍ ഇമാമടക്കം 300ഓളം നിരപരാധികള്‍. കഴിഞ്ഞ എട്ടു മാസത്തിനിടെയാണ് വിവിധ ഏജന്‍സികള്‍ക്ക് 300ലേറെ വ്യാജ സന്ദേശങ്ങള്‍ ലഭിച്ചത്. വ്യക്തി വൈരാഗ്യവും മറ്റുമാണ് നിരപരാധികള്‍ക്ക് എതിരെ വ്യാജ ഐ.എസ് ബന്ധ ആരോപണത്തിന്‍െറ പിന്നിലെന്ന് എ.ടി.എസ് പറഞ്ഞു. നിരപരാധികള്‍ക്കെതിരെ ഇത്തരം വ്യാജ വിവരം നല്‍കുന്നത് കുറ്റകരമാക്കണമെന്ന് ആവശ്യപ്പെട്ട് എ.ടി.എസ് സര്‍ക്കാറിന് അപേക്ഷനല്‍കി. നിലവില്‍ വ്യാജ വിവരം നല്‍കുന്നവരെ കണ്ടത്തെി താക്കീത് നല്‍കാന്‍ മാത്രമേ പൊലീസിന് കഴിയൂ.

ഈയിടെ കുര്‍ളയിലെ കബാബ് കച്ചവടക്കാരന് ഐ.എസ് ബന്ധമുണ്ടെന്നും സ്ഥാപനത്തിന് അടുത്തുവെച്ച് രാത്രികളില്‍ കൂട്ടമായ ചര്‍ച്ചയും മറ്റും നടക്കാറുണ്ടെന്നും എ.ടി.എസിന് വിവരം ലഭിച്ചിരുന്നു. എന്നാല്‍, വിവരം വ്യാജമാണെന്നും കബാബ് വില്‍ക്കുന്ന സ്റ്റാളിനു പിറകിലെ പലചരക്കു കടക്കാരനാണ് വിവരം നല്‍കിയതെന്നും എ.ടി.എസ് അന്വേഷണത്തില്‍ കണ്ടത്തെി. പലചരക്കു കടക്ക് മറയായ കബാബ് സ്റ്റാള്‍ പൂട്ടിക്കുകയായിരുന്നുവത്രെ ലക്ഷ്യം.
ഐ.എസ് ബന്ധാരോപണത്തെ തുടര്‍ന്നുള്ള പൊലീസ് അന്വേഷണത്തിന് വിധേയമാകുന്നവരും അവരുടെ കുടുംബങ്ങളും സാമൂഹിക പ്രതിസന്ധികള്‍ നേരിടുന്നതായി ചൂണ്ടിക്കാട്ടപ്പെടുന്നു. ഇതേതുടര്‍ന്ന് ഐ.എസ് ബന്ധം ആരോപിക്കപ്പെടുന്നവരെ രഹസ്യമായി നിരീക്ഷിക്കുകയാണിപ്പോള്‍ ഏജന്‍സികള്‍.
വ്യാജ വിവരം നല്‍കുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ പറ്റാത്ത അവസ്ഥയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.