ബംഗളൂരു: മടിക്കേരിയില്‍ ഡിവൈ.എസ്.പി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മന്ത്രിയുടെ രാജിക്കായി മുറവിളി. മംഗളൂരു പശ്ചിമ മേഖലാ ഐ.ജി ഓഫിസിലെ ഡിവൈ.എസ്.പിയായ കുടക് സോമവാര്‍പേട്ട് രംഗസമുദ്ര സ്വദേശി എം.കെ. ഗണപതിയാണ് വ്യാഴാഴ്ച മടിക്കേരിയിലെ സ്വകാര്യ ലോഡ്ജിലെ സീലിങ് ഫാനില്‍ തൂങ്ങിമരിച്ചത്. മരിക്കുന്നതിനുമുമ്പ് പ്രാദേശിക ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മുന്‍ ആഭ്യന്തരമന്ത്രിയും നിലവില്‍ ബംഗളൂരു വികസനമന്ത്രിയുമായ കെ.ജെ. ജോര്‍ജ്, എ.ഡി.ജി.പി എ.എം. പ്രസാദ്, ലോകായുക്ത ഐ.ജി പ്രണബ് മൊഹന്തി എന്നിവര്‍ തന്നെ ഭീഷണിപ്പെടുത്തുന്നതായും ജീവന് ഭീഷണിയുണ്ടെന്നും വെളിപ്പെടുത്തിയിരുന്നു. ഇവരെ കുറ്റപ്പെടുത്തിയുള്ള ആത്മഹത്യാ കുറിപ്പ് മുറിയില്‍നിന്ന് കണ്ടെടുത്തിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ പ്രതിപക്ഷ കക്ഷികളായ ബി.ജെ.പിയും ജനതാദള്‍ -എസും സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുകയും കെ.ജെ. ജോര്‍ജിനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ജോര്‍ജിനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്ന് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ട ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് ബി.എസ്. യെദിയൂരപ്പ, ബംഗളൂരുവിലത്തെിയ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന് വിഷയത്തില്‍ ഇടപെടാനാവശ്യപ്പെട്ട് കത്തും നല്‍കി. ബി.ജെ.പിയുടെ നേതൃത്വത്തില്‍ ബംഗളൂരുവിലും മൈസൂരുവിലും ബീദറിലും കുടകിലും ഹുബ്ബള്ളിയിലുമെല്ലാം മാര്‍ച്ച് നടന്നു. അതിനിടെ, കേസ് അന്വേഷിക്കുന്ന സി.ഐ.ഡി സംഘം ഗണപതിയുടെ വീട്ടിലത്തെി കുടുംബാംഗങ്ങളുടെയും മറ്റും മൊഴിയെടുത്തു. കുടുംബപ്രശ്നങ്ങളും ജോലിസമ്മര്‍ദവുമാണ് ആത്മഹത്യക്ക് കാരണമെന്നാണ് സി.ഐ.ഡി ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഭാര്യ പവനയുമായുള്ള പ്രശ്നങ്ങള്‍ കാരണം ഗണപതി മാനസിക പ്രയാസത്തിലായിരുന്നെന്ന് പിതാവ് കുശലപ്പ മൊഴിനല്‍കിയിട്ടുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരില്‍നിന്ന് ചില സമ്മര്‍ദങ്ങള്‍ ഉണ്ടാകുന്നതായി ഗണപതി പറയാറുണ്ടായിരുന്നെന്നാണ് ഭാര്യ പവനയുടെ വെളിപ്പെടുത്തല്‍.
എന്നാല്‍, തന്നെ അനാവശ്യമായി വേട്ടയാടുകയാണെന്നും താന്‍ ഡിവൈ.എസ്.പിയെ ഭീഷണിപ്പെടുത്തിയിട്ടില്ളെന്നുമാണ് മന്ത്രി കെ.ജെ. ജോര്‍ജ് ആവര്‍ത്തിച്ചു. 45 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തിനിടെ ആരെയും പീഡിപ്പിച്ചിട്ടില്ളെന്നും വെറുമൊരു ആരോപണത്തിന്‍െറ പേരില്‍ രാജിവെക്കില്ളെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.