പാര്‍ലമെന്‍റിന്‍െറ വര്‍ഷകാല സമ്മേളനം സമാപിച്ചു

ന്യൂഡല്‍ഹി: പാര്‍ലമെന്‍റിന്‍െറ വര്‍ഷകാല സമ്മേളനം സമാപിച്ചു. 20 ദിവസത്തെ സിറ്റിങ് പൂര്‍ത്തിയാക്കി ലോക്സഭയും രാജ്യസഭയും വെള്ളിയാഴ്ച അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.  ഏറെനാളായി മുടങ്ങിക്കിടന്ന ചരിത്രപരമായ ജി.എസ്.ടി (ഏകീകൃത ചരക്കുസേവന നികുതി) ഭരണഘടനാ ഭേദഗതി ബില്‍ പാര്‍ലമെന്‍റ് കടമ്പ കടന്നുവെന്നതാണ് വര്‍ഷകാല സമ്മേളനത്തിന്‍െറ സവിശേഷത.

മുന്‍ സെഷനുകളെ അപേക്ഷിച്ച് പൊതുവില്‍ ശാന്തമായിരുന്നു ഇത്തവണത്തെ വര്‍ഷകാല സമ്മേളനം. ബഹളം കാരണം സഭാനടപടികള്‍ മുടങ്ങുന്നത് മുമ്പത്തെപോലെ ആവര്‍ത്തിച്ചില്ല. എങ്കിലും കശ്മീര്‍, ഗോരക്ഷകരുടെ അക്രമം, ദലിത് പീഡനം തുടങ്ങിയ വിഷയങ്ങളില്‍ ഇരുസഭകളിലും ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ചൂടേറിയ വാഗ്വാദങ്ങളുണ്ടായി. ആം ആദ്മി പാര്‍ട്ടിയുടെ എം.പി ഭഗവന്ത് മാനിന്‍െറ സസ്പെന്‍ഷനാണ് വര്‍ഷകാല സെഷനില്‍ ഏറെ ചര്‍ച്ചയായ മറ്റൊരു വിഷയം. പാര്‍ലമെന്‍റിലെ സുരക്ഷാ സംവിധാനങ്ങളുടെ വിഡിയോ മൊബൈലില്‍ പകര്‍ത്തി ഫേസ്ബുക്കിലിട്ട മാന്‍ വെട്ടിലായി. ഗുജറാത്തില്‍ ഗോരക്ഷകര്‍ ദലിതുകളെ കെട്ടിയിട്ട് തല്ലിയ സംഭവത്തില്‍ സഭയില്‍ പ്രതിരോധത്തിലായ ബി.ജെ.പി ഭഗവന്ത് മാന്‍ വിഷയം കുത്തിപ്പൊക്കി ചര്‍ച്ച വഴിമാറ്റിവിട്ടു. ആം ആദ്മി പാര്‍ട്ടിക്കെതിരെ മറ്റെല്ലാ പാര്‍ട്ടികളും കൈകോര്‍ത്തപ്പോള്‍ മാനിനെ സ്പീക്കര്‍ സഭാനടപടികളില്‍നിന്ന് മാറ്റിനിര്‍ത്തി.

ലോക്സഭയില്‍ 13 നിയമങ്ങളും രാജ്യസഭയില്‍ 14 നിയമങ്ങളും പാസായി. എ.ഐ.എ.ഡി.എം.കെ ഒഴികെയുള്ള മുഴുവന്‍ പാര്‍ട്ടികളുടെയും പിന്തുണയോടെ ഐകകണ്ഠ്യേനയാണ് ജി.എസ്.ടി ബില്‍ ഇരുസഭകളും പാസാക്കിയത്.
മെഡിക്കല്‍, ഡെന്‍റല്‍ ഏകീകൃത പ്രവേശ പരീക്ഷയുമായി ബന്ധപ്പെട്ട നീറ്റ് ബില്‍, പ്രസവാവധി 26 ആഴ്ചയാക്കിയ ബില്‍ എന്നിവയായിരുന്നു മറ്റ് പ്രധാന ബില്ലുകള്‍.

സഭാസമ്മേളനം വര്‍ധിച്ച അളവില്‍ ക്രിയാത്മകമായിരുന്നെന്ന് ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി രാജ്യസഭയില്‍ സമാപന പ്രസംഗത്തില്‍ പറഞ്ഞു. കശ്മീര്‍, നാണയപ്പെരുപ്പം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഗൗരവമുള്ള ചര്‍ച്ചകളാണ് രാജ്യസഭയില്‍ നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഭാസമ്മേളനത്തില്‍ ക്രിയാത്മകമായ പങ്കുവഹിച്ച അംഗങ്ങളെ ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍ അഭിനന്ദിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.