ഇലക്ട്രിക് വാഹനം പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു; ഒരു കുടുംബത്തിലെ ഏഴ് പേർക്ക് ദാരുണാന്ത്യം

ഇൻഡോർ: ബ്രിജേശ്വരി അനക്സിന് സമീപം മൂന്ന് നില കെട്ടിടത്തിലുണ്ടായ വൻ തീപിടിത്തത്തിൽ 12 വയസ്സുകാരിയുൾപ്പെടെ ഒരു കുടുംബത്തിലെ ഏഴ് പേർ മരണപ്പെട്ടു. മൂന്ന് പേരുടെ നില അതീവ ഗുരുതരം. ബുധനാഴ്ച പുലർച്ചെ നാല് മണിയോടെയാണ് ദുരന്തമുണ്ടായത്. വീടിന് പുറത്ത് പാർക്ക് ചെയ്തിരുന്ന ഇലക്ട്രിക് വാഹനം ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമായതെന്ന് സിറ്റി പൊലീസ് കമീഷണർ അറിയിച്ചു. ചാർജിങ് പോയിന്റിലുണ്ടായ സ്ഫോടനത്തെത്തുടർന്ന് തീ അതിവേഗം കെട്ടിടത്തിനുള്ളിലേക്ക് പടരുകയായിരുന്നു.

വീടിനുള്ളിൽ പത്തോളം എൽ.പി.ജി സിലിണ്ടറുകൾ സൂക്ഷിച്ചിരുന്നത് ദുരന്തത്തിന്റെ ആഘാതം വർധിപ്പിച്ചു. തീ പടർന്നതോടെ ഇതിൽ ചില സിലിണ്ടറുകൾ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. കനത്ത പുകയും ആളിപ്പടരുന്ന തീയും കാരണം വീടിന്റെ മുൻഭാഗത്തുകൂടി അകത്തേക്ക് പ്രവേശിക്കാൻ രക്ഷാപ്രവർത്തകർക്ക് സാധിച്ചില്ല. തുടർന്ന് സമീപത്തെ കെട്ടിടം വഴി സാഹസികമായാണ് സംഘം ഉള്ളിലെത്തിയത്.

മൂന്ന് പേരെ ആദ്യഘട്ടത്തിൽ സുരക്ഷിതമായി പുറത്തെത്തിച്ചു. എന്നാൽ കിടപ്പുമുറികളിൽ കുടുങ്ങിപ്പോയവർക്ക് പുറത്തുകടക്കാനാവാത്തതാണ് മരണസംഖ്യ ഉയരാൻ കാരണമായത്. പൊട്ടിത്തെറിക്കിടെ വീട്ടിൽ നിന്ന് കാണാതായ കുഞ്ഞിനായുള്ള തെരച്ചിൽ പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട് അപകടത്തെക്കുറിച്ച് പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. 

Tags:    
News Summary - EV charging blast, 10 LPG cylinders and electronic locks: Deadly chain behind Indore house fire that killed 7

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.