പുതുച്ചേരി എൻ.ഡി.എ സഖ്യത്തിൽ ഭിന്നത

ചെന്നൈ: പുതുച്ചേരി എൻ.ഡി.എ സഖ്യത്തിലെ മുഖ്യ ഘടകകക്ഷികളായ എൻ.ആർ കോൺഗ്രസും ബി.ജെ.പിയും തമ്മിൽ ഇടയുന്നു. എൻ.ഡി.എ സഖ്യം വിട്ട് വിജയിയുടെ തമിഴക വെട്രി കഴകവുമായി (ടി.വി.കെ) സഖ്യമുണ്ടാക്കാനാണ് എൻ.ആർ കോൺഗ്രസ് നീക്കം. എൻ.ആർ കോൺഗ്രസിനെ പിണക്കാതെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം. ഇതിനായി കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യയെ ബി.ജെ.പി നേതൃത്വം പുതുച്ചേരിയിലേക്ക് അയച്ചു.

പുതുച്ചേരി നിയമസഭയിൽ മൊത്തം 30 സീറ്റുകളാണുള്ളത്. എൻ.ഡി.എ സഖ്യത്തിൽ ബി.ജെ.പി, എൻ.ആർ കോൺഗ്രസ്, അണ്ണാ ഡി.എം.കെ, പാട്ടാളി മക്കൾ കക്ഷി, ലോട്ടറി സാന്റിയാഗോ മാർട്ടിന്റെ മകൻ ജോസ് ചാർലസ് മാർട്ടിൻ നയിക്കുന്ന ലക്ഷ്യ ജനനായക കക്ഷി തുടങ്ങിയ കക്ഷികളാണുള്ളത്. എൻ.ആർ കോൺഗ്രസിന് 16 സീറ്റും ബി.ജെ.പിക്കും മറ്റു ഘടകകക്ഷികൾക്കുമായി 14 സീറ്റും നൽകാനാണ് നേരത്തേ ധാരണയായിരുന്നത്.

എന്നാലിപ്പോൾ ലക്ഷ്യ ജനനായക കക്ഷിയെ എൻ.ഡി.എയിൽ ഉൾപ്പെടുത്തരുതെന്നും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിക്ക് സംസ്ഥാന പദവി നൽകണമെന്നതും ഉൾപ്പെടെയുള്ള ഉറപ്പുകൾ ലഭിച്ചാൽ മാത്രമേ എൻ.ഡി.എയിൽ തുടരാൻ കഴിയൂവെന്നാണ് എൻ.ആർ കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ എൻ.ആർ രംഗസാമി അറിയിച്ചത്. മാത്രമല്ല, തന്റെ കക്ഷിക്ക് കൂടുതൽ സീറ്റുകൾ അനുവദിക്കണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു. ചൊവ്വാഴ്ച കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സംഘം ചർച്ചക്കായി കാത്തിരുന്നുവെങ്കിലും എൻ.ആർ കോൺഗ്രസ് ബഹിഷ്കരിക്കുകയായിരുന്നു.

ഏപ്രിൽ ഒമ്പതിനാണ് പുതുച്ചേരിയിൽ വോട്ടെടുപ്പ് നടക്കുക. പ്രത്യേക സാഹചര്യത്തിൽ 30 സീറ്റുകളിലും പത്രിക സമർപ്പിക്കാനാണ് എൻ.ആർ കോൺഗ്രസ് തീരുമാനം. 

Tags:    
News Summary - Disagreements in Puducherry NDA alliance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.