ഏക സിവിൽ കോഡ്: ഗുജറാത്തിൽ അന്തിമ റിപ്പോർട്ടായി

ഗാന്ധിനഗർ: ഏക സിവിൽ കോഡ് നടപ്പാക്കുന്നതിനായി ഗുജറാത്ത് സർക്കാർ നിയോഗിച്ച അഞ്ചംഗ സമിതി മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന് അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. നിയമസഭയുടെ ബജറ്റ് സെഷനിൽ കരട് ബിൽ കൊണ്ടുവന്നേക്കും. റിട്ട. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായ് അധ്യക്ഷയായ സമിതി ഈ വിഷയത്തിൽ വിശദമായ റിപ്പോർട്ടാണ് തയാറാക്കിയത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് സമിതി രൂപവത്കരിച്ചത്.

എല്ലാ മതവിഭാഗത്തിലും സമുദായത്തിലും പെട്ടവർക്ക് വിവാഹം, വിവാഹ മോചനം, പിന്തുടർച്ചാവകാശം എന്നിവയിൽ പൊതുവായ നിയമ ചട്ടക്കൂടിനായുള്ള നിർദേശം ഇതിൽ അടങ്ങിയിരിക്കുന്നതായി രഞ്ജന പ്രകാശ് ദേശായ് പറഞ്ഞു. സ്ത്രീകൾക്ക് തുല്യാവകാശവും സുരക്ഷയും ഉറപ്പുവരുത്തുന്നവയാണിതെന്നും അവർ അവകാശപ്പെട്ടു. റിട്ടയേഡ് ഐ.എ.എസ് ഓഫിസർ സി.എൽ. മീണ, മുതിർന്ന അഭിഭാഷക ആർ.സി. കൊദേക്കർ, വീർ നർമദ് സൗത്ത് ഗുജറാത്ത് യൂനിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. ദക്ഷേശ് താക്കർ, സാമൂഹിക പ്രവർത്തക ഗീതാ ഷ്റോഫ് എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.

രാജ്യത്തുടനീളം ഏക സിവിൽകോഡ് കൊണ്ടുവരാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താൽപര്യം നിറവേറ്റാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് സമിതിയുടെ രൂപവത്കരണ വേളയിൽ ഗുജറാത്ത് മുഖ്യമന്ത്രി പറഞ്ഞിരുന്നു. നിർദിഷ്ട നിയമത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ അറിയുന്നതിനായി 38 മുസ്‍ലിം സംഘടനകളുമായി സമിതി കൂടിക്കാഴ്ചകൾ നടത്തിയതായി കഴിഞ്ഞ വർഷം ആഗസ്റ്റിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, സർക്കാറിന്റെ ഉറപ്പിനു വിപരീതമായി മുസ്‍ലിം വിഭാഗങ്ങളിൽനിന്നുള്ളവർ പ്രതിഷേധം അറിയിക്കുകയും 2025 ഏപ്രിലിൽ അഹ്മദാബാദ്, വഡോദര സിറ്റി എന്നിവിടങ്ങളിൽ മനുഷ്യച്ചങ്ങല തീർക്കുകയും ചെയ്യുകയുണ്ടായി.

ഗുജറാത്ത് സർക്കാർ നിയോഗിച്ച സമിതിയുടെ രൂപവത്കരണം ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജി ഗുജറാത്ത് ഹൈകോടതി കഴിഞ്ഞ ഡിസംബറിൽ തള്ളിയിരുന്നു. സൂറത്തിൽനിന്നുള്ള അബ്ദുൽ വഹാബ് സോപോരിവാലയാണ് ഹരജി സമർപ്പിച്ചത്. ഭരണഘടനയുടെ 162ാം വകുപ്പനുസരിച്ച് സർക്കാറിന് അത്തരമൊരു അധികാരം ഉണ്ടെന്നുപറഞ്ഞാണ് ഹരജി ബെഞ്ച് തള്ളിയത്.

Tags:    
News Summary - Panel submits report on Uniform Civil Code to Gujarat CM Bhupendra Patel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.