മമത സുവേന്ദു അധികാരി​യെ നേരിടും; ബംഗാളിൽ തൃണമൂൽ 291 സീറ്റിൽ

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ 291 സീറ്റുകളിൽ തൃണമൂൽ കോൺഗ്രസ് മത്സരിക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു. ആകെ 294 സീറ്റുകളിലേക്കാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്. ഡാർജിലിങ് മേഖലയിലെ അവശേഷിക്കുന്ന മൂന്ന് സീറ്റുകൾ അനിത് ഥാപ്പയുടെ ഭാരതീയ ഗൂർഖ പ്രജാതന്ത്ര് മോർച്ച (ബി.ജി.പി.എം)ക്ക് നൽകുമെന്നും കൊൽക്കത്തയിൽ നടന്ന വാർത്തസമ്മേളനത്തിൽ മമത വ്യക്തമാക്കി.

തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി, സംസ്ഥാന പ്രസിഡൻറ് സുബ്രത ബക്ഷി എന്നിവർ സ്ഥാനാർഥികളുടെ പട്ടിക പ്രഖ്യാപിച്ചു. മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ഭവാനിപൂരിൽ നിന്നാണ് ഇത്തവണയും ജനവിധി തേടുക. ഇവിടെ ബി.ജെ.പി സ്ഥാനാർഥിയായി പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 2021ൽ നന്ദിഗ്രാം മണ്ഡലത്തിലെ കടുത്ത പോരിൽ സുവേന്ദു മമതയെ നേരിയ വോട്ടിന് പരാജയപ്പെടുത്തിയിരുന്നു. 135 മണ്ഡലങ്ങളിലും സിറ്റിങ് എം.എൽ.എമാരെയാണ് തൃണമൂൽ പരിഗണിച്ചത്.

226ലേറെ സീറ്റുകൾ നേടി വീണ്ടും അധികാരത്തിൽ തിരിച്ചെത്തുമെന്ന് മമത അവകാശപ്പെട്ടു. സ്ഥാനാർഥിപ്പട്ടികയിൽ ഇടം ലഭിക്കാത്തവർക്ക് പാർട്ടിയിൽ അവസരം നൽകുമെന്നും അവർ വ്യക്തമാക്കി. ഏപ്രിൽ 23, 29 തീയതികളിൽ രണ്ടു ഘട്ടങ്ങളായി വോട്ടെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിൽ ഇടതുമുന്നണിയും ബി.ജെ.പിയും തിങ്കളാഴ്ച ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക പുറത്തുവിട്ടിരുന്നു.

Tags:    
News Summary - Mamata vs. Suvendu again; Trinamool to contest 291 seats in Bengal polls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.