അഹ്മദാബാദ്: ഗുജറാത്തില്‍ പട്ടേല്‍ സംവരണത്തിനായി സമരം നടത്തുന്ന ഹര്‍ദിക് പട്ടേലിന് ജാമ്യം ലഭിച്ചു. അനുമതിയില്ലാതെ സമരം നടത്തിയതിന് പട്ടേല്‍ ഉള്‍പ്പടെ 50തോളം സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംവരണാവശ്യവുമായി സൂറത്തില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ഏക്താ മാര്‍ച്ചിന് തൊട്ടു മുമ്പാണ് ഹര്‍ദികിനെയും മറ്റു സമരക്കാരെയും സൂറത്തിലെ വരാച്ച പൊലീസ് അറസ്റ്റ് ചെയ്തത്. ഗുജറാത്ത് പൊലീസും സര്‍ക്കാറും സംസ്ഥാനത്ത് അസ്വസ്ഥത ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് ഹര്‍ദിക് പട്ടേല്‍ പ്രതികരിച്ചു. എന്തു തന്നെ സംഭവിച്ചാലും സമാധാനപരമായി സമരം തുടരുമെന്നും പട്ടേല്‍ പറഞ്ഞു.
പട്ടേലിന്‍റെ അറസ്റ്റിനുശേഷം അഹ്മദാബാദിലും സൂറത്തിലും മൊബൈല്‍ ഇന്‍റര്‍നെറ്റ് സര്‍വീസുകള്‍ക്ക് 24 മണിക്കൂര്‍ നേരത്തേക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. അറസ്റ്റുമായി ബന്ധപ്പെട്ട് വാട്സ്ആപ്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ വഴി അനാവശ്യ അഭ്യൂഹങ്ങള്‍ പടരാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയിലായിരുന്നു ഈ നടപടി.
പട്ടേല്‍ സമുദായത്തിന് ജാതിസംവരണമെന്ന ആവശ്യത്തിന്മേല്‍ ഗുജറാത്ത് സര്‍ക്കാര്‍ അനുകൂല തീരുമാനം എടുക്കാത്തതിനെ തുടര്‍ന്നാണ് രണ്ടാംഘട്ട സമരമെന്ന നിലയില്‍ എതിര്‍ ദണ്ഡി മാര്‍ച്ച് നടത്തുമെന്ന് ഹാര്‍ദിക്കും കൂട്ടരും പ്രഖ്യാപിച്ചത്. എന്നാല്‍, മാര്‍ച്ചിന് അനുമതി ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷ ജില്ലാ കലക്ടറും മലയാളിയുമായ രമ്യ മോഹന്‍ നിഷേധിക്കുകയായിരുന്നു.
തുടര്‍ന്നാണ് അനുമതി ലഭിച്ചാലും ഇല്ളെങ്കിലും 73 പേരടങ്ങുന്ന സംഘം ശനിയാഴ്ച ദണ്ഡിയില്‍നിന്ന് മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചത്.
ഹര്‍ദിക്കിന്‍െറ നേതൃത്വത്തില്‍ ആഗസ്റ്റ് 25ന് നടന്ന ആദ്യ സമരത്തിനുനേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടിരുന്നു.
സംഭവത്തില്‍ ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പട്ടേലിനെ ഉടന്‍ മോചിപ്പിച്ചില്ളെങ്കില്‍ രാജ്യവ്യാപകമായി ജയില്‍ ഉപരോധ സമരം നടത്തുമെന്ന് പട്ടേല്‍ നവ നിര്‍മാണ്‍ സേന മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിന്‍െറ ഉത്തരവാദിത്തം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഗുജറാത്ത് മുഖ്യമന്ത്രിക്കുമായിരിക്കുമെന്ന് ദേശീയ സെക്രട്ടറി അഖിലേഷ് കത്തിയാര്‍ പറഞ്ഞു. സമാധാനപരമായി സമരം നടത്താന്‍ അനുവദിച്ചില്ളെങ്കില്‍ 27 കോടി വരുന്ന പട്ടേല്‍ സമുദാംഗങ്ങളെ അണിനിരത്തി സമരത്തിന് ഇറങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കിയിരുന്നു.
അതേസമയം, പട്ടേല്‍ സമുദായക്കാരുടെ മാര്‍ച്ചിനെതിരെ എതിര്‍ മാര്‍ച്ച് സംഘടിപ്പിക്കാനാണ് ഒ.ബി.സി വിഭാഗങ്ങളുടെ തീരുമാനം. ഹാര്‍ദിക് നടത്തുന്ന മാര്‍ച്ച് ഒ.ബി.സികള്‍ക്കെതിരെയാണെന്നും ഇതിനെ ശക്തമായി നേരിടുമെന്നും ഒ.ബി.സി യുനൈറ്റഡ് ഫ്രണ്ട് നേതാവ് ആല്‍പേഷ് താക്കൂര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.