മധുരയില്‍ ഗ്രാനൈറ്റ് കമ്പനി മനുഷ്യബലി നടത്തിയെന്ന്; അസ്ഥികൂടങ്ങള്‍ കണ്ടെടുത്തു

മധുര: തമിഴ്നാട്ടിലെ മധുര ജില്ലയിലെ മേലൂരില്‍ കുഴിച്ചെടുത്ത അസ്ഥികൂടങ്ങളെച്ചൊല്ലി നാട്ടുകാര്‍ ഗ്രാനൈറ്റ് കമ്പനിക്കെതിരെ രംഗത്ത്. പ്രദേശത്തെ കമ്പനി മനുഷ്യബലി നടത്തിയശേഷം ശരീരാവശിഷ്ടങ്ങള്‍ കുഴിച്ചിടുകയായിരുന്നെന്നാണ് ആരോപണം.
ഗ്രാനൈറ്റ് മാഫിയക്കെതിരെ അന്വേഷണത്തിന് മദ്രാസ് ഹൈകോടതി ചുമതലപ്പെടുത്തിയ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ സഗായത്തിന്‍െറ നേതൃത്വത്തില്‍ മേലൂരിലെ മല്ലംപട്ടി ഗ്രാമത്തില്‍ ഞായറാഴ്ച വിശദമായ പരിശോധന നടത്തുകയായിരുന്നു. ഇതുവരെ രണ്ട് അസ്ഥികൂടങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ബാഗിലാക്കി കുഴിച്ചിട്ട നിലയിലായിരുന്നു ഇവ. തൊഴിലാളികള്‍ ചേര്‍ന്ന് അവശിഷ്ടങ്ങള്‍ ബക്കറ്റില്‍ ശേഖരിച്ചു. മണ്ണിന്‍െറ സാമ്പ്ളുകളും ശേഖരിച്ചിട്ടുണ്ട്. 2011ല്‍ മാനസികാസ്വാസ്ഥ്യമുള്ള ചിലരെ ബലി നടത്തിയശേഷം മൃതദേഹങ്ങള്‍ കുഴിച്ചിടുകയായിരുന്നുവെന്നാണ് ആരോപണം.
ഗ്രാനൈറ്റ് കയറ്റുമതി സ്ഥാപനത്തില്‍ ഡ്രൈവറായി മുമ്പ് സേവനംചെയ്ത വ്യക്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണ  ഉദ്യോഗസ്ഥന്‍ സ്ഥലം കുഴിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.