ഭംഗിയുള്ള ചുവന്ന ചുണ്ടുകള്‍ ലഭിക്കാന്‍ എന്തു ചെയ്യണം? രേഷ്മ ബാനു ഖുറേശി പറയുന്നു...

ന്യൂഡല്‍ഹി: ഓണ്‍ലൈനില്‍ ലഭിക്കുന്ന രണ്ട് ലക്ഷത്തോളം വീഡിയോ ട്യൂട്ടോറിയലുകളില്‍ രേശ്മ ബാനു ഖുറേശിയുടെ ലിപ്സ്റ്റിക് ട്യൂട്ടോറിയല്‍ മാത്രം ലൈക്കുകള്‍ കൊണ്ട് നിറഞ്ഞതെങ്ങനെ? സൗന്ദര്യം വര്‍ധിപ്പിക്കാനുള്ള എളുപ്പവഴികള്‍ പറഞ്ഞുതരുന്ന18  കാരിയായ രേഷ്മയുടെ സൗന്ദര്യത്തേക്കാള്‍ കാഴ്ചക്കാര്‍ പ്രശംസിച്ചത് അവളുടെ ധൈര്യത്തെയും ആത്മവിശ്വാസത്തേയുമാണ്.

രേഷ്മക്ക് ഒരു കണ്ണില്ല. മുഖത്തെ തൊലി പല സ്ഥലത്തും അടര്‍ന്നുപോയിരിക്കുന്നു.
കഴിഞ്ഞവര്‍ഷം ഭര്‍ത്താവിന്‍െറ സഹോദരനും സംഘവും അവളുടെ മുഖത്ത് സള്‍ഫ്യൂറിക് ആസിഡ് കോരിയൊഴിക്കുന്നതുവരെ ആ മുഖം സുന്ദരമായിരുന്നു. ആക്രമണം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും ഭര്‍ത്താവിന്‍െറ സഹോദരനൊഴിച്ചുള്ള പ്രതികള്‍ അറസ്റ്റിലായിട്ടില്ല. സര്‍ക്കാരില്‍ നിന്ന് ഒരുസഹായവും ലഭിച്ചിട്ടുമില്ല.

ലിപ്സ്റ്റിക്കിനേക്കാള്‍ വില കുറവാണ് സള്‍ഫ്യൂരിക് ആസിഡിന്. അക്രമികള്‍ എങ്ങനെയാണ് മാര്‍ക്കറ്റില്‍ നിന്നും സള്‍ഫ്യൂരിക് ആസിഡ് വാങ്ങിയതെന്നും തന്‍െറ മുഖത്തൊഴിച്ചതെന്നും വിഡിയോയില്‍ രേശ്മ വിശദീകരിക്കുന്നുണ്ട്. 'മേക് ലൗ നോട്ട് സ്കാര്‍സ്' എന്ന സംഘടന നിര്‍മിച്ച ഈ വിഡിയോ ഇതുവരെ ഒമ്പത് ലക്ഷം ആളുകള്‍ കണ്ടുകഴിഞ്ഞു.

സ്ത്രീകള്‍ക്കെതിരെയുള്ള  ആസിഡ് അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ സ്ത്രീ സൗന്ദര്യത്തെ മുന്‍നിറുത്തിയുള്ള വിഡിയോകളുടെ ജനപ്രീതി മുതലെടുക്കുകയാണ് 'മേക് ലൗ നോട്ട് സ്കാര്‍സ്' എന്ന സംഘടന.
ആസിഡ് ആക്രമണ ഇരകളെ സാധാരണക്കാരായി കാണാന്‍ സമൂഹത്തെ പ്രേരിപ്പിക്കുകയാണ് വിഡിയോയുടെ ഉദ്ദേശ്യമെന്ന് സംഘടനയുടെ പ്രതിനിധി ഭരത്നായക് പറയുന്നു.
വര്‍ഷംതോറും ഏകദേശം 1000ത്തോളം ആസിഡ് ആക്രമണകേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. യഥാര്‍ഥ സംഭവങ്ങള്‍ ഇതിലുമധികമുണ്ടാകുമെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ അഭിപ്രായം.

 

 

Full View

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.