മോദി വിദേശയാത്രക്ക് ചെലവിട്ടത് 37 കോടി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു വര്‍ഷത്തിനിടെ വിദേശയാത്രക്ക് ചെലവിട്ടത് 37.22 കോടി രൂപയെന്ന് വിവരാവകാശ രേഖ. ലോകേഷ് ബത്ര എന്ന മുന്‍ സൈനികനാണ് വിവരാവകാശ നിയമപ്രകാരം ഈ കണക്ക് ശേഖരിച്ചത്. മോദി സന്ദര്‍ശിച്ച വിദേശരാജ്യങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര ഓഫിസുകളില്‍നിന്നാണ് വിവരം ശേഖരിച്ചത്. 2014 ജൂണ്‍ മുതല്‍ 2015 ജൂണ്‍വരെ പ്രധാനമന്ത്രി 20 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായി രണ്ടാംതവണ അധികാരമേറ്റശേഷം ഒരു വര്‍ഷംകൊണ്ട് 12 രാജ്യങ്ങളാണ് സന്ദര്‍ശിച്ചത്.

ആസ്ട്രേലിയന്‍ സന്ദര്‍ശനത്തിനാണ് മോദി കൂടുതല്‍ തുക ചെലവാക്കിയത്; 7.8 കോടി രൂപ. ഈ യാത്രക്ക് അദ്ദേഹത്തിന്‍െറ സംഘം താമസത്തിനുമാത്രം ചെലവിട്ടത് 5.6 കോടി. പ്രധാനമന്ത്രിയുടെ വിദേശയാത്രകളില്‍ ഏറ്റവും ചെലവു കുറഞ്ഞത് ഭൂട്ടാന്‍ യാത്രയിലാണ്^41.33 ലക്ഷം രൂപ. മറ്റു നാലിടങ്ങളിലേക്കുള്ള യാത്രാച്ചെലവ് ഇപ്രകാരം: അമേരിക്ക^6.13 കോടി, ജര്‍മനി^2.92 കോടി, ഫിജി^2.59 കോടി, ചൈന^2.34 കോടി. 16 രാജ്യങ്ങള്‍ സന്ദര്‍ശിച്ചതിന്‍െറ കണക്ക് മാത്രമാണിത്.

ജപ്പാന്‍, ശ്രീലങ്ക, ഫ്രാന്‍സ്, തെക്കന്‍ കൊറിയ എന്നിവിടങ്ങളിലെ നയതന്ത്ര ഓഫിസുകളില്‍നിന്നുള്ള കണക്ക് ലഭ്യമായിട്ടില്ല. വര്‍ഷത്തിനിടെ 20 രാജ്യങ്ങളാണ് മോദി സന്ദര്‍ശിച്ചത്്. കഴിഞ്ഞ സെപ്റ്റംബറില്‍ ന്യൂയോര്‍ക് സന്ദര്‍ശിച്ചപ്പോള്‍ പ്രധാനമന്ത്രിയുടെയും മന്ത്രാലയ ഉദ്യോഗസ്ഥരുടെയും താമസത്തിന് ന്യൂയോര്‍ക് പാലസ് ഹോട്ടലില്‍ മുടക്കിയ വാടക 11.55 ലക്ഷം രൂപയാണ്. കരിമ്പൂച്ചകളുടെ താമസത്തിന് 9.16 ലക്ഷം. 39 ലക്ഷം കാര്‍ വാടക. മൂന്നു ലക്ഷം പ്രസാര്‍ ഭാരതിയുടെ വാര്‍ത്താക്കവറേജിന് ചെലവായി.

വിദേശമാധ്യമങ്ങളില്‍ ഇടംനേടുന്നതിലും മോദി മുന്നില്‍

ന്യൂഡല്‍ഹി: വിദേശമാധ്യമങ്ങളില്‍ ഏറ്റവുമധികം ഇടംനേടിയ കാര്യത്തില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ മറികടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ട്. പ്രധാനമന്ത്രി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ അവിടത്തെ മാധ്യമങ്ങള്‍ എത്ര വാര്‍ത്താപ്രാധാന്യം നല്‍കുന്നു എന്ന് വിലയിരുത്തി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയമാണ് കണക്ക് തയാറാക്കിയത്.

2014 സെപ്റ്റംബറില്‍ മോദിയുടെ അമേരിക്കാ സന്ദര്‍ശനത്തെക്കുറിച്ച് 31 ലേഖനങ്ങളിലായി 27,639 വാക്കുകളാണ് അന്താരാഷ്ട്രമാധ്യമങ്ങളില്‍ എഴുതപ്പെട്ടത്. എന്നാല്‍, 2009ല്‍ മന്‍മോഹന്‍ സിങ് അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ എട്ടു ലേഖനങ്ങളിലായി 7596 വാക്കുകള്‍ മാത്രമാണ് എഴുതപ്പെട്ടത്. അതായത്, മൂന്നിലൊന്നില്‍താഴെ മാത്രം. 1994ല്‍ പി.വി. നരസിഹംറാവുവിന്‍െറ സന്ദര്‍ശനത്തെക്കുറിച്ച് രണ്ടു ലേഖനങ്ങളിലായി 1825 വാക്കുകള്‍ മാത്രമാണ് പ്രസിദ്ധീകരിച്ചത്. രണ്ടു പ്രമുഖ അന്താരാഷ്ട്രമാധ്യമങ്ങളായ ബി.ബി.സിയും സി.എന്‍.എന്നും മോദിയുടെ സന്ദര്‍ശനത്തെക്കുറിച്ച് എഴുതാന്‍ 6726 വാക്കുകള്‍ നീക്കിവെച്ചപ്പോള്‍ മന്‍മോഹന്‍ സിങ്ങിന്‍െറ സന്ദര്‍ശനത്തെക്കുറിച്ച് 848 വാക്കുകള്‍ മാത്രമാണ് പ്രസിദ്ധീകരിച്ചത്.

കഴിഞ്ഞ റിപ്പബ്ളിക് ദിനത്തില്‍ മുഖ്യാതിഥിയായി അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ എത്തിയപ്പോള്‍ 10 മുന്‍നിര ചാനലുകള്‍ 255 മണിക്കൂറുകളാണ് റിപ്പോര്‍ട്ട് ചെയ്യാന്‍ നീക്കിവെച്ചത്. എന്നാല്‍, 2010ല്‍ യു.പി.എ സര്‍ക്കാറിന്‍െറ കാലത്ത് ഒബാമ ഇന്ത്യയിലത്തെിയപ്പോള്‍ 82 മണിക്കൂര്‍ മാത്രമായിരുന്നു സംപ്രേഷണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.