മെട്രോ ഫരീദാബാദ് ലൈന്‍ ഉദ്ഘാടന ചടങ്ങില്‍ നിന്ന് കെജ്്രിവാളിനെ ഒഴിവാക്കി

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയെ പങ്കെടുപ്പിച്ച് ആഘോഷമായി നടത്തിയ ഡല്‍ഹി മെട്രോ ഫരീദാബാദ് ലൈന്‍ ഉദ്ഘാടന ചടങ്ങില്‍ നിന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഒഴിവാക്കി.ഞായറാഴ്ചയാണ്  ഡല്‍ഹിയില്‍ നിന്ന് ഹരിയാനയില്‍ ഉള്‍പ്പെടുന്ന ഫരീദാബാദിലേക്ക് മെട്രോ ഓട്ടം തുടങ്ങിയത്. ബി.ജെ.പിക്കാരനായ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിനെ പങ്കെടുപ്പിച്ചെങ്കിലും കെജ്രിയെ ഒഴിവാക്കുകയായിരുന്നു. ഡല്‍ഹി-കേന്ദ്ര സര്‍ക്കാറുകളുടെ സംയുക്ത സംരംഭമാണ് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍. അന്‍പതു ശതമാനം പണം മുടക്കിയ ഡല്‍ഹി സര്‍ക്കാര്‍ കൂടിച്ചേര്‍ന്നാണ് തലസ്ഥാന മേഖലക്കു പുറത്തേക്ക് സര്‍വീസ് നീട്ടുന്നതിനുള്ള അംഗീകാരം നല്‍കിയത്. എന്നാല്‍ ഫരീദാബാദ് ലൈനിനു പണം മുടക്കിയത് കേന്ദ്ര-ഹരിയാനാ സര്‍ക്കാറുകളാണ്. ഹരിയാനാ സര്‍ക്കാറാണ് ചടങ്ങ് സംഘടിപ്പിച്ചതെന്നാണ് മെട്രോ ഉദ്യോഗസ്ഥരുടെ വിശദീകരണം. മുഖ്യമന്ത്രിയെ ക്ഷണിക്കാത്തതിനു പിന്നില്‍ വിലകുറഞ്ഞ രാഷ്ട്രീയം കളിയാണെന്ന് ആംആദ്മി പാര്‍ട്ടി കുറ്റപ്പെടുത്തി. കേന്ദ്ര-സംസ്ഥാന സഹകരണത്തെക്കുറിച്ച് വാചാലനാവാറുള്ള പ്രധാനമന്ത്രി വികസന നേട്ടത്തിന്‍െറ ക്രെഡിറ്റ് മുഖ്യമന്ത്രിയുമായി പങ്കുവെക്കാന്‍ തയ്യാറല്ളെന്നാണ് ഈ സംഭവം സൂചിപ്പിക്കുന്നതെന്ന് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു. ഇക്കുറി അധികാരമേല്‍ക്കും മുന്‍പ് നടന്ന റിപ്പബ്ളിക് ദിനാഘോഷ ചടങ്ങിലേക്കും കെജ്രിവാളിനെ കേന്ദ്രസര്‍ക്കാര്‍ ക്ഷണിച്ചിരുന്നില്ല. ഡല്‍ഹിയുടെ മുന്‍മുഖ്യമന്ത്രിമാരെ ക്ഷണിക്കുക എന്ന കീഴ്വക്കം ലംഘിച്ചതിനെതിരെ അദ്ദേഹമന്ന് പ്രതിഷേധമുയര്‍ത്തിയിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.