ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് കാർട്ടൂൺ പോസ്റ്റ് ചെയ്തതിന് ‘ദി വയറി’ന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ബ്ലോക്ക് ചെയ്ത് മെറ്റ. ഇന്നലെ വൈകുന്നേരം രണ്ട് മണിക്കൂറാണ് 1.3 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഇന്ത്യയിൽ ബ്ലോക്ക് ചെയ്യപ്പെട്ടതെന്ന് ‘ദി വയർ’ അറിയിച്ചു.
തിങ്കളാഴ്ച വൈകുന്നേരം ‘ദി വയറി’ന്റെ പ്രധാന ഇൻസ്റ്റാഗ്രാം പേജ് തുറന്ന വായനക്കാർക്ക്, ‘ഈ ഉള്ളടക്കം നിയന്ത്രിക്കാനുള്ള നിയമപരമായ അഭ്യർഥന പാലിച്ചതിനാൽ ഇന്ത്യയിൽ അക്കൗണ്ട് ലഭ്യമല്ല’ എന്ന സന്ദേശമാണ് കാണാനായത്. ഇതേക്കുറിച്ച് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരോട് അന്വേഷിച്ചപ്പോൾ ‘ഞങ്ങൾ നിങ്ങളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്‌തിട്ടില്ല’ എന്ന മറുപടിയാണ് ലഭിച്ചതെന്നും ‘ദി വയർ’ പറയുന്നു.
എന്നാൽ, ഇൻസ്റ്റഗ്രാമിലെ 52 സെക്കൻഡ് ദൈർഘ്യമുള്ള ഒരു ആക്ഷേപഹാസ്യ കാർട്ടൂൺ ബ്ലോക്ക് ചെയ്യാൻ മന്ത്രാലയം മെറ്റയോട് ആവശ്യപ്പെട്ടെന്നും, എന്നാൽ മുഴുവൻ അക്കൗണ്ട് തന്നെയും മെറ്റ ‘തെറ്റായി’ ബ്ലോക്ക് ചെയ്യുകയായിരുന്നുവെന്നുമാണ് തങ്ങൾക്ക് ലഭിച്ച അനൗദ്യോഗിക വിവരമെന്ന് ‘ദി വയർ’ അറിയിച്ചു.
അതേസമയം, തങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടും മെറ്റ വിലക്കിയതായി ‘ദേശാഭിമാനി’ അറിയിച്ചു. കേരളത്തോടുള്ള അവഗണനയും കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങളും വിശകലനം ചെയ്തുകൊണ്ടുള്ള കണ്ടന്‍റുകള്‍ ദേശാഭിമാനി ഇൻസ്റ്റയിൽ നൽകിയിരുന്നെന്നും തുടർന്ന് മെറ്റ അക്കൗണ്ട് ഡിസേബിള്‍ ചെയ്യുകയായിരുന്നെന്നും ദേശാഭിമാനി അറിയിച്ചു.
ഓൺലൈൻ മാധ്യമം ‘നോക്യാപ്പി’ന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടും മെറ്റ ഡിസേബിൾ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.