ഒരു റാങ്ക് ഒരു പെന്‍ഷന്‍: സമരം തുടരുന്നു

ന്യൂഡല്‍ഹി: ഒരു റാങ്ക് ഒരു പെന്‍ഷന്‍ നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്ന്  മരണംവരെ നിരാഹാര സമരം പിന്‍വലിച്ചെങ്കിലും ജന്തര്‍മന്തറില്‍ വിമുക്ത ഭടന്മാര്‍ റിലേ നിരാഹാരസമരം തുടരുന്നു. ഈ ആഴ്ച അവസാനം കൂറ്റന്‍ റാലി സംഘടിപ്പിക്കാനും നീക്കമുണ്ട്.
പ്രധാനമന്ത്രിയുടെ ഉറപ്പിനെതുടര്‍ന്ന് ഞായറാഴ്ച വിമുക്തഭടന്മാര്‍ മരണംവരെ നിരാഹാരം നടത്തുന്നത് അവസാനിപ്പിച്ചിരുന്നു.
എന്നാല്‍, പദ്ധതി നടത്തിപ്പ് സംബന്ധിച്ച് രേഖാമൂലം ഉറപ്പ് ലഭിക്കുകയും പദ്ധതിയിലെ പോരായ്മകള്‍ പരിഹരിക്കുകയും ചെയ്യുന്നതുവരെ സമരം തുടരുമെന്ന് ഇന്ത്യന്‍ എക്സ് സര്‍വിസ്മെന്‍ മൂവ്മെന്‍റ് പ്രസിഡന്‍റ് റിട്ട. ലെഫ്റ്റനന്‍റ് കേണല്‍ ബല്‍ബീര്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു. സംഘടനയുടെ ഉന്നതതല സമിതി യോഗം ചേര്‍ന്ന് കാര്യങ്ങള്‍ തീരുമാനിക്കും.
പദ്ധതിയുടെ വിവിധ വശങ്ങളെപ്പറ്റി പഠിക്കാനായി ഏകാംഗ ജുഡീഷ്യല്‍ കമീഷനെ ഉടനെ നിയമിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വിമുക്ത ഭടന്മാരുടെ പരാതി കമീഷന് മുന്നില്‍ സംഘടന ഉന്നയിക്കുമെന്നും ബല്‍ബീര്‍ സിങ് അറിയിച്ചു. ഉയര്‍ന്ന സ്കെയിലില്‍ പെന്‍ഷന്‍ നടപ്പാക്കുമെന്നായിരുന്നു കിട്ടിയ ഉറപ്പ്.
എന്നാല്‍, ഇപ്പോള്‍ താഴ്ന്ന സ്കെയിലില്‍ നടപ്പാക്കാനാണ് ഒരുങ്ങുന്നത്. ഇതിനെതിരെ സമരം തുടരുകതന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പദ്ധതി നടപ്പാക്കിയാല്‍ വന്നുചേരുന്ന 8000-10,000 കോടിയുടെ അധികബാധ്യത സര്‍ക്കാറിന്‍െറ സാമ്പത്തിക സമാശ്വാസ പദ്ധതികളെ ബാധിക്കില്ളെന്ന് ധന സഹമന്ത്രി ജയന്ത് സിന്‍ഹ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.