കോടികള്‍ മുടക്കി തെലങ്കാന മുഖ്യമന്ത്രിയുടെ ചൈന യാത്ര ആഡംബര യാത്ര വിവാദത്തില്‍

ഹൈദരാബാദ്: എല്ലാവിധ ആധുനിക സൗകര്യങ്ങളുമുള്ള ബൊംബാര്‍ഡിയര്‍ സി.ആര്‍.ജെ 100 വിമാനത്തില്‍ മൊത്തം സീറ്റ് 50. യാത്രക്കാരാകട്ടെ വെറും ഒരു ഡസന്‍. മൊത്തം ചെലവ് രണ്ട് കോടിക്കുമപ്പുറം. പട്ടിണികൊണ്ട് കര്‍ഷകര്‍ നട്ടംതിരിയുന്ന തെലങ്കാനയുടെ മുഖ്യമന്ത്രി കെ.സി.ആര്‍ എന്ന കെ. ചന്ദ്രശേഖര റാവു ചൈന സന്ദര്‍ശിക്കാന്‍ ചാര്‍ട്ടര്‍ ചെയ്ത വിമാനത്തിന്‍െറ വിശേഷങ്ങളാണിത്. ചൈനയിലെ ദാലിയനില്‍ ഈ മാസം എട്ടിന് ചേരുന്ന ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കാനും മറ്റ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാനുമാണ് കെ.സി.ആര്‍ കോടികള്‍ ചെലവഴിച്ച് പുറപ്പെടാനൊരുങ്ങുന്നത്. സെപ്റ്റംബര്‍ 16 വരെയയാണ് പര്യടനം. മുഖ്യമന്ത്രിയുടെ ആഡംബര യാത്ര ഇതിനകം വിവാദമായിരിക്കുകയാണ്.
ഇക്കണോമി ക്ളാസില്‍ ഏതാനും ലക്ഷങ്ങള്‍ക്ക് യാത്ര ചെയ്യാമെന്നിരിക്കെയാണ് ആഡംബരത്തിന് പേരുകേട്ട വിമാനമായ ബൊംബാര്‍ഡിയര്‍ സി.ആര്‍.ജെ 100 തന്നെ മുഖ്യമന്ത്രി തെരഞ്ഞെടുത്തത്. ഇതിനാവശ്യമായ തുകയും മന്ത്രിസഭ അനുവദിച്ചു. സ്വകാര്യ വിമാനക്കമ്പനിയായ എ.ആര്‍ എയര്‍വേസിന് 2,03,84,625 രൂപ മുന്‍കൂറായി നല്‍കിക്കഴിഞ്ഞു.
സംസ്ഥാനത്ത് ജനങ്ങള്‍ ഡെങ്കിയും മലേറിയയും ബാധിച്ച് മരിക്കുകയും കര്‍ഷക ആത്മഹത്യ തുടരുകയും ചെയ്യുമ്പോള്‍ അത്തരം വിഷയങ്ങളെ നേരിടാതെ ആഡംബര യാത്ര നടത്തുകയാണ് കെ.സി.ആര്‍ എന്ന് കോണ്‍ഗ്രസ് നേതാവ് ഹനുമന്ത് റാവു ആരോപിച്ചു. സംസ്ഥാനത്തിന്‍െറ അടിസ്ഥാന സൗകര്യ വികസനത്തിനായി കേന്ദ്ര ഫണ്ട് ആവശ്യപ്പെട്ട മുഖ്യമന്ത്രി ആഡംബര വിമാന യാത്ര നടത്തുന്നത് ന്യായീകരിക്കാനാവില്ളെന്ന് ബി.ജെ.പിയും കുറ്റപ്പെടുത്തി.
കഴിഞ്ഞ ജൂലൈയില്‍ കെ.സി.ആറിന് സംസ്ഥാന പര്യടനം നടത്താന്‍ അത്യാഡംബര സൗകര്യങ്ങളുള്ള മെര്‍സിഡസ് ബെന്‍സിന്‍െറ ബസ് അഞ്ച് കോടി രൂപ മുടക്കി വാങ്ങിയിരുന്നു. 12 അംഗ സംഘമാണ് ഈ ബസില്‍ യാത്രചെയ്തത്. ബസിന് മുകളില്‍നിന്ന് ജനങ്ങളെ അഭിസംബോധന ചെയ്യാനുള്ള പ്രത്യേക സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.