ഇ-മൈഗ്രേറ്റ് സൈറ്റ് നിലവില്‍ വന്നു

ന്യൂഡല്‍ഹി: വിദേശത്ത് ജോലിക്ക് പോകുന്നവര്‍ക്കുള്ള എമിഗ്രേഷന്‍ ക്ളിയറന്‍സിന് ഓണ്‍ലൈന്‍ സംവിധാനം നിലവില്‍വന്നു. വിദേശ ജോലിയുമായി ബന്ധപ്പെട്ട എല്ലാ ഓഫിസുകളെയും കക്ഷികളെയും ഒരു ശൃംഖലയില്‍ കൊണ്ടുവരുന്ന സംവിധാനമാണിത്.
കേന്ദ്ര പ്രവാസികാര്യ മന്ത്രാലയത്തിന് കീഴിലുള്ള www.emigrate.gov.in എന്ന വെബ്സൈറ്റ് മുഖേനെയാണ് സേവനം ലഭ്യമാക്കുക. തൊഴിലുടമ, തൊഴിലാളി, റിക്രൂട്ട്മെന്‍റ് ഏജന്‍സി, വിദേശരാജ്യങ്ങളിലെ ഇന്ത്യന്‍ എംബസി/കോണ്‍സുലേറ്റുകള്‍, ഇന്ത്യയില്‍ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍റ് ഓഫീസുകള്‍ എന്നിവയെ വെബ്സൈറ്റുമായി കണ്ണിചേര്‍ത്തിട്ടുണ്ട്. എമിഗ്രേഷന്‍ ക്ളിയറന്‍സ് നിര്‍ബന്ധമാക്കിയ രാജ്യങ്ങളില്‍ ജോലിക്ക് പോകുന്നവര്‍ക്കുള്ള സംവിധാനമാണിത്.
റിക്രൂട്ട്മെന്‍റ് തട്ടിപ്പുകളുടെ പശ്ചാത്തലത്തില്‍ നഴ്സിങ്, വീട്ടുജോലി തുടങ്ങിയ വിസകളില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ പോകുന്നവര്‍ക്ക് എമിഗ്രേഷന്‍ ക്ളിയറന്‍സ് നിര്‍ബന്ധമാക്കിയിരുന്നു.      ഇ-മൈഗ്രേറ്റ് സംവിധാനമനുസരിച്ച് ഇന്ത്യയില്‍നിന്ന് ജോലിക്കാരെ എടുക്കാന്‍ ആഗ്രഹിക്കുന്ന തൊഴിലുടമ/കമ്പനി വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. കമ്പനി നേരിട്ടും ഏജന്‍സികള്‍ മുഖേന നടത്തുന്ന റിക്രൂട്ട്മെന്‍റിനും രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. തസ്തിക, ശമ്പളം തുടങ്ങിയവ വ്യക്തമാക്കുന്ന വിസ വിവരങ്ങളും തൊഴിലുടമ നല്‍കണം.
ഇവ അതത് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസി/കോണ്‍സുലേറ്റ് പരിശോധിച്ച് നിജ$സ്ഥിതി ഉറപ്പുവരുത്തും. എമിഗ്രേഷന്‍ ക്ളിയറന്‍സ് ആവശ്യമുള്ള ഉദ്യോഗാര്‍ഥിക്ക് വെബ്സൈറ്റ് വഴി ക്ളിയറന്‍സിനുള്ള അപേക്ഷ നല്‍കാം. പ്രസ്തുത ഉദ്യോഗാര്‍ഥിയുടെ തൊഴിലുടമ നല്‍കിയ വിവരങ്ങള്‍ വിശ്വാസയോഗ്യമാണെന്ന് കണ്ടാല്‍ എമിഗ്രേഷന്‍ ക്ളിയറന്‍സ് അനുവദിക്കും. ക്ളിയറന്‍സിന് നല്‍കിയ അപേക്ഷയുടെ  അപ്പോഴത്തെ സ്ഥിതി എന്താണെന്ന് ഉദ്യോഗാര്‍ഥിക്ക് അറിയാനും ഇ-മൈഗ്രേറ്റ് സൈറ്റില്‍ സംവിധാനമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.