ലളിത് മോദി മാള്‍ട്ടയില്‍; ഉടന്‍ അറസ്റ്റിലാവുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: മുന്‍ ഐ.പി.എല്‍ ചെയര്‍മാന്‍ ലളിത് മോദി യൂറോപ്യന്‍ രാജ്യമായ മാള്‍ട്ടയിലുള്ളതായി സ്ഥീരീകരിച്ചെന്ന് സി.എന്‍.എന്‍^ ഐ.ബി.എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്‍റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ലളിത് മോദി മാള്‍ട്ടയിലുണ്ടെന്ന് സ്ഥിരീകരണമുണ്ടായിരിക്കുന്നത്. മോദിയെ ഉടന്‍ തന്നെ ഇന്‍റര്‍പോള്‍ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന.

ഐ.പി.എല്‍ കള്ളപ്പണക്കേസില്‍ ഉള്‍പ്പെട്ട മോദി അഞ്ച് വര്‍ഷം മുമ്പാണ് വിദേശത്തേക്ക് പോയത്. ഐ.പി.എല്‍ കേസില്‍ ആരോപണങ്ങള്‍ വെളിച്ചത്തുവന്നതിന് ശേഷമായിരുന്നു മോദിയുടെ നാടുവിടല്‍. കഴിഞ്ഞ മാസം 20ന് റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കാനായി സി.ബി.ഐ ഇന്‍റര്‍പോളിന് കേസിന്‍െറ രേഖകള്‍ കൈമാറിയിരുന്നു.

മോദിക്ക് വിദേശത്ത് പേകാന്‍ രേഖകള്‍ ശരിയാക്കി നല്‍കിയതിന് കേന്ദ്ര സര്‍ക്കാറും രാജസ്ഥാന്‍ സര്‍ക്കാറും ആരോപണം നേരിടുകയാണ്. വിദേശകാര്യമന്ത്രി സുഷമ സ്വരാജും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുമാണ് ആരോപണം നേരിടുന്നത്.

ജൂലൈയില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് റെഡ് കോര്‍ണര്‍ നോട്ടീസിനായി ഇന്‍റര്‍ പോളിനെ സമീപിക്കാന്‍ തീരുമാനിച്ചിരുന്നു. പ്രത്യേക കോടതി പുറപ്പെടുവിപ്പിച്ച ജാമ്യമില്ലാ വാറണ്ടിന്‍െറ അടിസ്ഥാനത്തിലായിരുന്നു എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍െറ നീക്കം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.