വിവാദ പരാമര്‍ശം:ഈശ്വരപ്പ മാപ്പുപറഞ്ഞു

ബംഗളൂരു: വിവാദ പരാമര്‍ശം നടത്തിയ ബി.ജെ.പി നേതാവ് കെ.എസ്. ഈശ്വരപ്പക്കെതിരെ നടപടി ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് പരാതി നല്‍കി. സ്ത്രീകളുടെ അഭിമാനത്തെ അവഹേളിക്കുന്ന രീതിയിലുള്ള പരാമര്‍ശത്തിന് ഐ.പി.സി 509, 294 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റം ചുമത്തണം. സ്ത്രീകളെ അപമാനിക്കുന്നതും നിന്ദിക്കുന്നതുമാണ് ഈശ്വരപ്പയുടെ പരാമര്‍ശമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.
പീഡനക്കേസ് സംബന്ധിച്ച കന്നട ടി.വി മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിനാണ് കര്‍ണാടക നിയമസഭാ കൗണ്‍സില്‍ പ്രതിപക്ഷ നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ ഈശ്വരപ്പയുടെ വിവാദ പരാമര്‍ശം ഉണ്ടായത്. ‘നിങ്ങളൊരു ചെറിയ പെണ്‍കുട്ടിയാണ്, ആരെങ്കിലും നിങ്ങളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചാല്‍ ഞങ്ങള്‍ക്കെന്ത് ചെയ്യാനാകും’ എന്നായിരുന്നു ഈശ്വരപ്പയുടെ മറുപടി. പരാമര്‍ശം വിവാദമായതോടെ ഈശ്വരപ്പ മാപ്പുപറഞ്ഞു. പാര്‍ട്ടിയില്‍നിന്നടക്കം കടുത്ത വിമര്‍ശങ്ങള്‍ നേരിട്ടതോടെയാണ്  ഈശ്വരപ്പ നിലപാട് മാറ്റിയത്.
വനിതാ മാധ്യമപ്രവര്‍ത്തകയെ അവഹേളിക്കുന്ന തരത്തിലുള്ള പരാമര്‍ശത്തില്‍ മാപ്പുപയുന്നതായും അവര്‍ തനിക്ക് സഹോദരിയെപ്പോലെയാണെന്നും ഈശ്വരപ്പ വ്യക്തമാക്കി. സംസ്ഥാനത്തെ ജനങ്ങളോടും മാപ്പുപറയുന്നതായും വര്‍ധിക്കുന്ന പീഡനങ്ങളുടെയും കൊലപാതകങ്ങളുടെയും പശ്ചാത്തലത്തിലാണ് താന്‍ പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.