ഹര്‍ദിക് ബി.ജെ.പിക്ക് ദുശ്ശകുനമെന്ന് ശിവസേന

മുംബൈ: പട്ടേല്‍ സമുദായത്തിന് സംവരണം ആവശ്യപ്പെട്ട് ഗുജറാത്തില്‍ വന്‍ ജനകീയ മുന്നേറ്റം നടത്തിയ ഹര്‍ദിക് പട്ടേല്‍ ബി.ജെ.പിക്ക് ദുശ്ശകുനമാണെന്ന് ശിവസേന മുഖപത്രം ‘സാമ്ന’. ‘മീശ മുളക്കാത്ത പയ്യന്‍’ ഗുജറാത്തിന്‍െറ സകല അവകാശവാദങ്ങളും പൊള്ളയാണെന്ന് ജനങ്ങള്‍ക്ക് കാട്ടിത്തരുകയാണ് ചെയ്തതെന്നും  ‘സാമ്ന’ പരിഹസിച്ചു.
വെള്ളിയാഴ്ച പുറത്തിറങ്ങിയ ‘സാമ്ന’യിലെ മുഖപ്രസംഗമാണ് ഹര്‍ദികിനെ വാഴ്ത്തുകയും നരേന്ദ്ര മോദിയെ കളിയാക്കുകയും ചെയ്യുന്നത്. ജനങ്ങളെ ആകര്‍ഷിക്കുന്ന ഒരേയൊരു നേതാവാണ് നരേന്ദ്ര മോദിയെന്നാണ് പ്രചരിക്കപ്പെട്ടത്. ഇപ്പോഴിതാ ഒരു പയ്യന്‍ അഞ്ചുലക്ഷം ആളുകളെ റാലിയിലേക്ക് ആകര്‍ഷിച്ച് ആ വാദം തകര്‍ത്തിരിക്കുന്നു. ജനക്കൂട്ടത്തിന്‍െറ യഥാര്‍ഥ രാജാവ് താനാണെന്ന് ഹര്‍ദിക് തെളിയിച്ചു.
ഗുജറാത്തിന്‍െറ ഹീറോ ഹര്‍ദികാണ്. സര്‍ദാര്‍ വല്ലഭായി പട്ടേലിന്‍െറ പേരില്‍ ഇതുവരെ തിളങ്ങിയത് മോദിയാണ്. എന്നാല്‍, ഹര്‍ദിക് അത് അട്ടിമറിച്ചു. വന്‍ റാലിയിലൂടെ ഗുജറാത്ത് സര്‍ക്കാറിന്‍െറ മുഖത്ത് ഉരുക്കു മുഷ്ടികൊണ്ടാണ് ഹര്‍ദിക് പ്രഹരിച്ചത്.
 പട്ടേലുമാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയിട്ടില്ളെങ്കില്‍ 2017ല്‍ താമര വിരിയില്ളെന്ന മുന്നറിയിപ്പും നല്‍കുന്നു. യുവാക്കളുണ്ടാക്കിയ ആ ഓളം ഗുജറാത്തിലെ രാഷ്ട്രീയക്കാര്‍ക്കിടയില്‍ അലതല്ലുകയാണ്. തന്‍െറ നാട് ശാന്തമാണെന്നും നല്ല ഭരണമാണെന്നും ഒക്കെ പറഞ്ഞ് ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ കച്ചവടക്കാരെ ക്ഷണിച്ചു. ഇപ്പോള്‍ എങ്ങനെയുണ്ട്. എല്ലാം വെറുംവാക്കുകളെന്ന് ഹര്‍ദിക് കാട്ടിത്തന്നില്ളേ-‘സാമ്ന’ ചോദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.