പട്ടേല്‍ പ്രക്ഷോഭം: ഗുജറാത്തില്‍ കര്‍ഫ്യു പിന്‍വലിച്ചു

അഹ്മദാബാദ്: ഒ.ബി.സി. വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് പട്ടേല്‍ സമുദായം നടത്തിയ സമരം അക്രമാസക്തമായതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ പിന്‍വലിച്ചു.
കാര്യമായ അക്രമ സംഭവങ്ങളൊന്നും സംഭവത്തിനുശേഷം ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഗുജറാത്തില്‍ ജനജീവിതം ഏറക്കുറെ സാധാരണ ഗതിയിലേക്ക് തിരിച്ചത്തെിയിട്ടുണ്ട്. അഹ്മദാബാദിലെ ഒമ്പത് പൊലീസ് സ്റ്റേഷന്‍ പരിധിയിലും കര്‍ഫ്യൂ പിന്‍വലിച്ചതായി എ.ഡി.ജി.പി. (ക്രമസമാധാനം) പി.പി. പാണ്ഡെ അറിയിച്ചു.
എന്നാല്‍, അക്രമബാധിത പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയ അര്‍ധ സൈനിക വിഭാഗത്തെ നിലനിര്‍ത്തിയിട്ടുണ്ട്. ശനിയാഴ്ച വൈകീട്ടോടെ ഇവരേയും പിന്‍വലിക്കുമെന്നാണ് അഹ്മദാബാദ് ജില്ലാ കലക്ടര്‍ രാജ്കുമാര്‍ ബെനിവല്‍ വ്യക്തമാക്കിയത്.
സൂറത്ത്, മെഹ്സന, വിസ്നഗര്‍, ഉഞ്ജ എന്നിവിടങ്ങിലും കര്‍ഫ്യൂ പിന്‍വലിച്ചതായി ബെനിവല്‍ പറഞ്ഞു. അതേസമയം പൊലീസ് കസ്റ്റഡിയില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് സബ് ഇന്‍സ്പെക്ടര്‍മാര്‍ ഉള്‍പ്പെടെ ഏഴ് പൊലീസുകാര്‍ക്കെതിരെ സി.ഐ.ഡി. അന്വേഷണത്തിന് ഗുജറാത്ത് ഹൈകോടതി ഉത്തരവിട്ടു.
സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്
 പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ ഹര്‍ദിക് പട്ടേല്‍ പൊലീസ് കസ്റ്റഡിയില്‍ തുടരുകയാണ്. ഇദ്ദേഹം നിരാഹാരം ആരംഭിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ചയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് നടന്ന പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ പൊലീസ് നടത്തിയ വെടിവെപ്പില്‍ ഏഴുപേരാണ് കൊല്ലപ്പെട്ടത്. സംവരണം ആവശ്യപ്പെട്ട് ആഗസ്റ്റ് 25നാണ് പാട്ടിദാര്‍ അനാമത്ത് ആന്ദോളന്‍ സമിതിയുടെ (പാസ്) നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭം ആരംഭിച്ചത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.