ന്യൂഡല്‍ഹി: രാജ്യത്ത് വധശിക്ഷ നിര്‍ത്തലാക്കുന്ന വിഷയത്തില്‍ അനുകൂല നിലപാടുമായി ദേശീയ നിയമ കമീഷന്‍. വധശിക്ഷ തത്കാലം നല്‍കുന്നത് ഭീകരവാദ കേസുകളില്‍ മാത്രമായി പരിമിതപ്പെടുത്തണം. ഭാവിയില്‍ പൂര്‍ണമായി നിര്‍ത്തലാക്കണമെന്നും കമീഷന്‍െറ കരട് റിപ്പോര്‍ട്ടില്‍ പറയുന്നു.
വധശിക്ഷ നിയമബന്ധിതമല്ലാത്തതും തെറ്റ് സംഭവിക്കാന്‍ സാധ്യത ഉള്ളതുമാണ്. വധശിക്ഷ കൊണ്ട് കുറ്റകൃത്യങ്ങളുടെ എണ്ണം കുറച്ചു കൊണ്ടുവരാന്‍ കഴിയില്ല. ജീവപര്യന്തം തടവിനേക്കാള്‍ മേന്മ വധശിക്ഷക്കില്ല. ശിക്ഷ വിധിക്കുന്നത് ജഡ്ജിമാരെ ആശ്രയിച്ചിരിക്കുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അതേസമയം, കമീഷന്‍ അംഗങ്ങളില്‍ ചിലര്‍ വധശിക്ഷ നിര്‍ത്തലാക്കുന്നതിന് എതിര്‍ നിലപാട് സ്വീകരിച്ചു.
വധശിക്ഷ നിര്‍ത്തലാക്കുന്നതിനെ കുറിച്ച് വിവാദങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ വിഷയം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റിട്ട. ജസ്റ്റിസ് എ.പി. ഷാ അധ്യക്ഷനായ കമീഷനോട് സുപ്രീംകോടതി ആവശ്യപ്പെടുകയായിരുന്നു. നാലംഗ കമീഷന്‍െറ അന്തിമ റിപ്പോര്‍ട്ട് ഒരാഴ്ചക്കകം കേന്ദ്ര സര്‍ക്കാരിന് കൈമാറും. ആഗസ്റ്റ് 31ന് കമീഷന്‍െറ കാലാവധി അവസാനിക്കും.
അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുകള്‍ക്ക് വധശിക്ഷ നല്‍കാവൂവെന്ന് 1980ല്‍ പഞ്ചാബിലെ ബച്ചന്‍ സിങ് കേസില്‍ സുപ്രീംകോടതി വിധിച്ചിരുന്നു. വധശിക്ഷ നിയമവിധേയമായി നടത്തുന്ന 59 രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഏഴ് രാജ്യങ്ങള്‍ സാധാരണ കുറ്റകൃത്യങ്ങളെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അഞ്ച് രാജ്യങ്ങള്‍ വധശിക്ഷക്ക് മോറട്ടോറിയം ഏര്‍പ്പെടുത്തി. കൂട്ടക്കൊല, മനുഷത്വരഹിതമായ കുറ്റകൃത്യം, യുദ്ധ കുറ്റങ്ങള്‍ എന്നിവക്ക് വധശിക്ഷ നല്‍കുന്നത് അന്താരാഷ്ട്ര കുറ്റകൃത്യ നിയമം വിലക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.