അഹ്മദാബാദ്: സംവരണം അനാവശ്യവും ഒരു പ്രശ്നവുമെങ്കില്‍ പിന്നെ അതിനുവേണ്ടി എന്തിനാണ് സമരം ചെയ്യുന്നതെന്ന് ഗുജറാത്തിലെ മുന്‍ പൊലീസ് ഓഫിസര്‍ സഞ്ജീവ് ഭട്ട്. ഗുജറാത്തില്‍ പട്ടേല്‍ വിഭാഗത്തിന് ഒ.ബി.സി സംവരണം ആവശ്യപ്പെട്ട് സമരം ചെയ്യുന്ന പാട്ടിദാര്‍ അനാമത്ത് ആന്ദോളന്‍ സമിതിയുടെ (പാസ്) നേതാവ് ഹര്‍ദിക് പട്ടേലിന് ഫേസ്ബുക് വഴി അയച്ച തുറന്ന കത്തിലാണ് സഞ്ജീവ് ഭട്ടിന്‍െറ ചോദ്യം. കഴിഞ്ഞ ദിവസം പാസ് അഹ്മദാബാദില്‍ നടത്തിയ കൂറ്റന്‍ റാലിയും തുടര്‍ന്ന് ഏതാനും പേരുടെ മരണത്തിനിടയാക്കിയ സംഘര്‍ഷത്തിന്‍െറയും പശ്ചാത്തലത്തില്‍ ഹര്‍ദികിന്‍െറ രാഷ്ട്രീയ നിലപാടുകളിലെ വൈരുധ്യം തുറന്നുകാണിക്കുന്നതാണ് സഞ്ജീവ് ഭട്ടിന്‍െറ കത്ത്.
സംവരണം രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണെന്നാണ് ഹര്‍ദിക് പറയുന്നത്. എന്നാല്‍, സംവരണത്തിനായി സമരം ചെയ്യുകയും ചെയ്യുന്നു. ഇതില്‍ വൈരുധ്യമില്ളേ എന്ന് സഞ്ജീവ് ചോദിക്കുന്നു. ‘കഴിഞ്ഞ ദിവസം നടത്തിയ റാലിയില്‍ പങ്കെടുക്കാനത്തെിയ ലക്ഷക്കണക്കിന് ആളുകളില്‍ 99 ശതമാനം പേരും ഗുജറാത്തി ഭാഷ സംസാരിക്കുന്നവരായിരുന്നു. എന്നാല്‍, താങ്കള്‍ സംസാരിച്ചതാകട്ടെ ഹിന്ദിയിലും. അപ്പോള്‍ ആരെയാണ് താങ്കള്‍ അഭിസംബോധന ചെയ്തത്. കഴിഞ്ഞ ദിവസത്തെ സംഭവങ്ങളിലും ചില ദുരൂഹതകള്‍ നിഴലിക്കുന്നുണ്ട്. അഹ്മദാബാദില്‍ റാലി നടത്താന്‍ താങ്കള്‍ക്ക് സകല സംവിധാനങ്ങളും സര്‍ക്കാറും പൊലീസും ചെയ്തുതന്നു. എന്നാല്‍, പിന്നീട് അവിടെനിന്നും ഒഴിയാന്‍ പറഞ്ഞപ്പോള്‍ താങ്കള്‍ അതിന് സന്നദ്ധമായില്ല. പിന്നീട് താങ്കളുടെ അണികള്‍ അഴിഞ്ഞാടുന്നതാണ് അവിടെ കണ്ടത്. സര്‍ക്കാര്‍ വാഹനങ്ങള്‍ തകര്‍ക്കുകയും മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്തു. സര്‍ക്കാറുമായുള്ള ചങ്ങാത്തം നഷ്ടമായത് ഏത് നിമിഷത്തിലാണ്? അതോ, താങ്കളും സര്‍ക്കാറും തമ്മില്‍ വല്ല രഹസ്യധാരണയും രൂപപ്പെട്ടുവോ? താങ്കളെ അറസ്റ്റ് ചെയ്ത് വിട്ടതിന് ശേഷവും സംഘര്‍ഷം തുടര്‍ന്നത് ഇതല്ളേ വ്യക്തമാക്കുന്നത്? -സഞ്ജീവ് ഭട്ട് ചോദിച്ചു.
ഒരു ചെറുപ്പക്കാരന്‍ എന്ന നിലയില്‍ ഇനിയും ഹര്‍ദിക്കിന് ഒരുപാട് കാലം പ്രവര്‍ത്തിക്കാനാകുമെന്നും അത് ക്രിയാത്മകമാകണമെങ്കില്‍ ഇപ്പോള്‍ സമരം ചെയ്തുകൊണ്ടിരിക്കുന്ന വിഷയത്തില്‍ കൂടുതല്‍ പഠനമാകാമെന്നും അദ്ദേഹം നിര്‍ദേശിച്ചു. അതിന്‍െറ ആദ്യഘട്ടമെന്ന നിലയില്‍ ഇന്ത്യന്‍ ഭരണഘടന വായിക്കണമെന്ന് ഉപദേശിച്ചാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. മറ്റൊരു പോസ്റ്റില്‍ മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേലിനെയും സഞ്ജീവ് ഭട്ട് രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. റാലിക്ക് അനുവാദം നല്‍കിയതിനും അനാവശ്യ സമരത്തിന്‍െറ പേരില്‍ നഗരം സ്തംഭിപ്പിച്ചതിനുമാണ് വിമര്‍ശം. കല്യാണത്തിന് വരന്‍െറ ആളുകളെ സ്വീകരിക്കുന്ന തരത്തിലാണ് നഗരത്തില്‍ പാസ് പ്രവര്‍ത്തകരെ സര്‍ക്കാര്‍ വരവേറ്റതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.