മുസ്ലിം മജ്ലിസെ മുശാവറക്ക് സുവര്‍ണ ജൂബിലി


ന്യൂഡല്‍ഹി: മുസ്ലിം ഇന്ത്യക്ക് ദിശാബോധം നല്‍കിയ അഖിലേന്ത്യ കൂട്ടായ്മക്ക് അരനൂറ്റാണ്ട്. ആള്‍ ഇന്ത്യ  മുസ്ലിം മജ്ലിസെ മുശാവറയുടെ 50ാം വാര്‍ഷികാഘോഷം ആഗസ്റ്റ് 31ന്  വിപുലമായ പരിപാടികളോടെ ഡല്‍ഹിയില്‍ നടക്കും.   1964 ആഗസ്റ്റില്‍ ലഖ്നോവില്‍ നടന്ന യോഗത്തിലാണ് ഇന്ത്യന്‍ മുസ്ലിംകളുടെ ആദ്യകാല കൂട്ടായ്മയുടെ തുടക്കം. അബുല്‍ ഹസന്‍ അലി നദ്വിയുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ക്കപ്പെട്ട ചര്‍ച്ചാ യോഗത്തിനൊടുവിലാണ്  ഡോ. സയ്യിദ് മഹ്മൂദ് പ്രസിഡന്‍റായി മുശാവറെ രൂപവത്കരിച്ചത്.
ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച  പ്രമുഖരില്‍  ഇബ്രാഹീം സുലൈമാന്‍ സേട്ടുമുണ്ടായിരുന്നു. മുസ്ലിം സംഘടനകള്‍, സ്ഥാപനങ്ങള്‍, സമുദായത്തിലെ പ്രമുഖ വ്യക്തികള്‍ എന്നിവര്‍ക്ക് പ്രാതിനിധ്യമുള്ള മുശാവറെ മുസ്ലിം ഇന്ത്യയുടെ  മുഖമായി മാറി. നേരിട്ട് രാഷ്ട്രീയത്തില്‍ ഇടപെട്ടില്ളെങ്കിലും   സമുദായ താല്‍പര്യത്തിന് അനുഗുണമായി മുസ്ലിം വോട്ടുകളില്‍ മുശാവറെ സ്വാധീന ശക്തിയായി.  ബാബരി മസ്ജിദ് ലക്ഷ്യമാക്കി രഥമുരുണ്ടപ്പോള്‍  ബാബരി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുണ്ടാക്കുന്നതില്‍ മുശാവറെയുടെ അന്നത്തെ നേതാക്കള്‍ മുന്നിലുണ്ടായിരുന്നു.
വ്യക്തിനിയമങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളെ ചെറുക്കാന്‍ പേഴ്സനല്‍ ലോ ബോര്‍ഡ് ഉണ്ടാക്കിയതിന് പിന്നിലും മുശാവറയുടെ സംഭാവനയുണ്ട്. ആഗസ്റ്റ് 31ന് ഡല്‍ഹി ഇസ്ലാമിക് കള്‍ച്ചറല്‍ സെന്‍ററില്‍ നടക്കുന്ന ആഘോഷം ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി ഉദ്ഘാടനം ചെയ്യും.
മുശാവറയുടെ ചരിത്രം, നേട്ടങ്ങള്‍,  സമുദായം നേരിടുന്ന വെല്ലുവിളി തുടങ്ങിയ വിഷയങ്ങളിലെ ചര്‍ച്ചയില്‍ മുശാവറ പ്രസിഡന്‍റ് ഡോ. സഫറുല്‍ ഇസ്ലാം ഖാന്‍, ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ അമീര്‍ മൗലാന സയ്യിദ് ജലാലുദ്ദീന്‍ ഉമരി തുടങ്ങി  വിവിധ മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും.  ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍, ടീസ്റ്റ് സെറ്റല്‍വാദ്, രവി നായര്‍, ജോണ്‍ ദയാല്‍, ഹര്‍ഷ് മന്ദര്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.