ഒരു റാങ്ക് ഒരു പെന്‍ഷന്‍: പ്രതിഷേധത്തില്‍ വി.കെ സിങ്ങിന്‍െറ മകളും

ന്യൂഡല്‍ഹി: ഒരു റാങ്ക് ഒരു പെന്‍ഷന്‍ (ഒ.ആര്‍.ഒ.പി) നടപ്പാക്കാനാവശ്യപ്പെട്ടുള്ള പ്രതിഷേധത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും മുന്‍ കരസേന മേധാവിയുമായ വി.കെ സിങ്ങിന്‍െറ മകളും. ജന്തര്‍മന്തറില്‍ നടക്കുന്ന പ്രതിഷേധത്തിലാണ് സിങ്ങിന്‍െറ മകള്‍ മൃണാളിനിയും വിമുക്ത ഭടന്‍മാര്‍ക്കൊപ്പം ചേര്‍ന്നത്.

മുന്‍ സൈനികന്‍െറ മകള്‍ എന്ന നിലയിലാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതെന്ന് മൃണാളിനി വ്യക്തമാക്കി. ഒ.ആര്‍.ഒ.പി എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അവര്‍ പറഞ്ഞു.

ഒ.ആര്‍.ഒ.പി പദ്ധതി നടപ്പാക്കാനായി രണ്ട് മാസത്തേലേറെയായി ജന്തര്‍മന്തറില്‍ സമരം നടക്കുകയാണ്. സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രിയുടെ ചെങ്കോട്ട പ്രസംഗത്തില്‍ പദ്ധതി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഒരു ഉറപ്പും ലഭിച്ചില്ല. സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍െറ തലേദിവസം സുരക്ഷാ സൗകര്യങ്ങളൊരുക്കുന്നതിന്‍െറ ഭാഗമായി ജന്തര്‍മന്തര്‍ നിന്ന് പ്രതിഷേധക്കാരെ മാറ്റിയത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഒ.ആര്‍.ഒ.പി പദ്ധതി നടപ്പാക്കാന്‍ കോണ്‍ഗ്രസില്‍ നിന്നും വിമുക്ത ഭടന്‍മാരുടെ സംഘടനയില്‍ നിന്നും കടുത്ത വിമര്‍ശമാണ് കേന്ദ്ര സര്‍ക്കാര്‍ നേരിടുന്നത്.

പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് പെന്‍ഷന്‍ പറ്റുന്ന 30 ലക്ഷം പേര്‍ക്ക് ഒ.ആര്‍.ഒ.പി പദ്ധതിയുടെ ഗുണം ലഭിക്കുമെന്നാണ് കണക്ക്. ആറ് ലക്ഷം പേരുടെ വിധവകള്‍ക്കും പദ്ധതി ഉപകാരപ്പെടും. പട്ടാളക്കാര്‍ 35നും 37നും ഇടയിലും സൈനിക ഓഫീസര്‍മാര്‍ 54ാം വയസ്സിലുമാണ് വിരമിക്കുന്നത്. നേരത്തെ വിരമിക്കുന്നതിനാല്‍ മതിയായ സംരക്ഷണം സര്‍ക്കാറിന്‍െറ ഭാഗത്തുനിന്നും ലഭിക്കണമെന്നാണ് സൈനികരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.