വിസ ഇ-മൈഗ്രേറ്റ് സംവിധാനം പുന$പരിശോധിച്ചേക്കും

മുംബൈ: വിദേശ തൊഴില്‍ നേടുന്നതിന് പ്രതിസന്ധിയായ ഇ-മൈഗ്രേറ്റ് സംവിധാനം പുന$പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. പുന$പരിശോധനക്ക് പ്രധാനമന്ത്രി കാര്യാലയം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് നിദേശം നല്‍കിയതായി മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു. സംഭവം പഠിക്കാന്‍ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്താനും സാധ്യതയുണ്ടെന്ന് വിദേശകാര്യ വകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു.
ഇ-മൈഗ്രേറ്റ് നിയമത്തിനെതിരെ കഴിഞ്ഞ ദിവസം ബോംബെ ഹൈകോടതി കടുത്ത വിമര്‍ശമുന്നയിച്ച പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇന്ത്യന്‍ വ്യവസായ പ്രമുഖര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ദുബൈ സന്ദര്‍ശനത്തിനിടെ ഇക്കാര്യം ഉന്നയിച്ചിരുന്നു. വിസ നേടിയവരെ തടയാനുള്ള അവകാശം ആര്‍ക്കുമില്ളെന്നും അവരെ പോകാന്‍ അനുവദിക്കണമെന്നും വ്യാഴാഴ്ച ബോംബെ ഹൈകോടതി ഉത്തരവിട്ടിരുന്നു. ഇ-മൈഗ്രേറ്റ് നിയമത്തിലെ കടുംപിടിത്തത്തിനെതിരെ നാല് മലയാളി ട്രാവല്‍സ് ഉടമകള്‍ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസുമാരായ എസ്.സി. ധര്‍മാധികാരി, പി.ബി. കൊലാബാവാല എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്. എന്നാല്‍, തല്‍ക്കാലം ഹരജിക്കാര്‍ക്കുമാത്രം നിബന്ധനയില്‍ ഇളവു നല്‍കാനാണ് കോടതി ഉത്തരവ്. ബാക്കിയുള്ളവര്‍ കോടതിയെ സമീപിച്ചാല്‍ നോക്കാമെന്നും കോടതി പറഞ്ഞു. ഇതു പ്രകാരം  സഫിയ ട്രാവല്‍സ്, ഈസ്റ്റേണ്‍ ട്രേഡ് ലിങ്ക്, റോയല്‍ ട്രാവല്‍സ് , ഗ്ളോബസ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് എന്നിവര്‍ക്ക് മാത്രമെ ഇളവ് അനുവദിക്കൂ. വിദേശ തൊഴില്‍ദായകര്‍ ഇ-മൈഗ്രേറ്റ് വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിയമമാണ് പ്രതികൂലമായത്. വിദേശ തൊഴില്‍ദായകര്‍ വെബ്സൈറ്റില്‍ ചെന്ന് 85 ഓളം ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയും ആവശ്യപ്പെടുന്ന രേഖകള്‍ അപ്ലേഡ് ചെയ്യുകയും വേണം. പിന്നീട്, യഥാര്‍ഥ രേഖകളുമായി അതത് രാജ്യത്തെ ഇന്ത്യന്‍ എംബസിയില്‍ ചെന്ന് സാക്ഷ്യപ്പെടുത്തുകയും വേണം. എങ്കില്‍ മാത്രമേ രജിസ്ട്രേഷന്‍ പൂര്‍ത്തിയാകൂ. മേയ് 25 നാണ് ഇ-മൈഗ്രേറ്റ് സംവിധാനം കര്‍ശനമാക്കിയത്. ഇ-മൈഗ്രേറ്റ് വെബ്സൈറ്റ് ഒരുക്കിയതും എമിഗ്രേഷന്‍ നടപടി നിര്‍വഹിക്കുന്നതും ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസാണ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.