ബിഹാര്‍ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സ്ത്രീകള്‍ക്ക് ബി.ജെ.പിയുടെ ‘രാഖി ഇന്‍ഷുറന്‍സ്’

ന്യൂഡല്‍ഹി: ആസന്നമായ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ ഒപ്പംനിര്‍ത്താന്‍ സകല അടവുകളും പയറ്റുന്ന ബി.ജെ.പി സ്ത്രീകള്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതിയുമായി രംഗത്ത്. രക്ഷാബന്ധന്‍ ദിനത്തോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ക്യാമ്പുകളില്‍വെച്ച് ഏതെങ്കിലും ഒരു ബി.ജെ.പി പ്രവര്‍ത്തകന്‍െറ കൈയില്‍ രാഖി കെട്ടുന്നവര്‍ക്കെല്ലാം രണ്ടു ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പോളിസി നല്‍കുമെന്നാണ് വാഗ്ദാനം. പ്രധാനമന്ത്രിയുടെ സുരക്ഷാ ബീമാ യോജന പദ്ധതിപ്രകാരമുള്ള ഇന്‍ഷുറന്‍സ് സ്കീമുകളിലേക്കുള്ള പേരുചേര്‍ക്കല്‍ ക്യാമ്പുകളാണ് പാര്‍ട്ടി മുന്‍കൈയെടുത്ത് ‘രാഖി ഇന്‍ഷുറന്‍സ്’ ആക്കി മാറ്റുന്നത്. ‘രക്ഷാബന്ധന്‍ സുരക്ഷാ അഭിയാന്‍’ എന്നാണ് പരിപാടിയുടെ പേര്. സ്വാതന്ത്ര്യദിനത്തില്‍ തുടക്കമായെങ്കിലും ആഗസ്റ്റ് 29ന് വരാനിരിക്കുന്ന രക്ഷാബന്ധന്‍ദിനം മുന്നില്‍ക്കണ്ടാണ് ആസൂത്രണം.
ദേശവ്യാപകമായി ക്യാമ്പുകള്‍ നടത്തുമെന്നാണ് പ്രഖ്യാപനമെങ്കിലും അടുത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലാണത്രെ ശ്രദ്ധ. ഇന്‍ഷുറന്‍സ് പദ്ധതികളിലെ പേരുചേര്‍ക്കല്‍ ചുമതലയുള്ള ബാങ്കുകളെ രാഖി ക്യാമ്പിലേക്ക് ക്ഷണിക്കുമെന്നാണ് ബിഹാറില്‍ പരിപാടിയുടെ ചുമതലയുള്ള ബി.ജെ.പി ജനറല്‍ സെക്രട്ടറി അനില്‍ ജയിന്‍ പറഞ്ഞു. പ്രീമിയം തുകയായ 12 രൂപ അംഗങ്ങളാവുന്നവര്‍തന്നെ നല്‍കണമെങ്കിലും ആവശ്യമെങ്കില്‍ മറ്റു സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഇതിനും പാര്‍ട്ടി സഹായം നല്‍കും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍വരുന്നതിനുമുമ്പ് പരമാവധി സ്ത്രീകളെ ക്യാമ്പുകളിലത്തെിക്കണമെന്ന് പ്രവര്‍ത്തകര്‍ക്ക് ബി.ജെ.പി നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാര്‍ട്ടി എം.പിമാര്‍ക്കാണ് അവരവരുടെ മണ്ഡലത്തിലെ രാഖി ക്യാമ്പുകളുടെ മേല്‍നോട്ടച്ചുമതല. പ്രധാനമന്ത്രിയുടെ ഒമ്പതാമത് മന്‍ കി ബാത് പരിപാടിയില്‍ ഇന്‍ഷുറന്‍സ് പദ്ധതികള്‍ സ്ത്രീകള്‍ക്ക് സമ്മാനമായി നല്‍കണമെന്ന് നരേന്ദ്ര മോദി നിര്‍ദേശിച്ചിരുന്നു.
ബിഹാറിലെ ആകെ വോട്ടര്‍മാരില്‍ 46 ശതമാനത്തിലധികം സ്ത്രീകളാണ്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ ക്ഷീണം തീര്‍ക്കാനും കേന്ദ്രസര്‍ക്കാറിന്‍െറ ഭരണപരിഷ്കരണ നടപടികള്‍ക്ക് തിരിച്ചടി നല്‍കി പാര്‍ലമെന്‍റില്‍ ഉയര്‍ന്ന വിവാദക്കൊടുങ്കാറ്റുകള്‍ തരണംചെയ്യാനും ബിഹാര്‍ തെരഞ്ഞെടുപ്പിലെ വിജയം അനിവാര്യമാണെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി. ഓരോ മണ്ഡലങ്ങളിലും കുറഞ്ഞത് 11,000 സ്ത്രീകള്‍വീതം 243 മണ്ഡലങ്ങളിലായി 27 ലക്ഷം സ്ത്രീകളെ പദ്ധതിയില്‍ ചേര്‍ക്കണമെന്നാണ് ബി.ജെ.പി സംസ്ഥാനനേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദേശം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 48 ലക്ഷത്തോളം വോട്ട് ലഭിച്ച പാര്‍ട്ടിക്ക് 102 സീറ്റുകളിലാണ് വിജയിക്കാനായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.