താജ് മഹല്‍ ഇനി ട്വിറ്ററിലും

ലക്നോ: ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ് മഹല്‍ ഇനി ട്വിറ്ററിലും. സ്വാതന്ത്ര്യ ദിനത്തില്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവാണ് താജ് മഹലിന്‍െറ (Taj Mahal@TajMahal) ഒൗദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഉദ്ഘാടനം ചെയ്തത്. കൂടാതെ, ഭാര്യയും എം.പിയുമായ ഡിംപ്ള്‍ യാദവ്, മകന്‍ അര്‍ജുന്‍ എന്നിവരോടൊപ്പം താജിന്‍െറ സമീപം ബെഞ്ചിലിരിക്കുന്ന ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട് അഖിലേഷ്.

വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് സംസ്ഥാന ടൂറിസം വകുപ്പിന്‍െറ പരിപാടിയുടെ ഭാഗമായാണ് ട്വിറ്റര്‍ അക്കൗണ്ട് ആരംഭിച്ചത്. താജ് മഹല്‍ യാത്രാനുഭവങ്ങളെകുറിച്ചും ചിത്രങ്ങളും വിനോദ സഞ്ചാരികള്‍ക്ക് ട്വിറ്റില്‍ പോസ്റ്റ് ചെയ്യാം. പേജിന് ഇപ്പോള്‍ തന്നെ പതിനായിരത്തോളം ഫോളവേഴ്സ് ഉണ്ട്. പുരാവസ്തു വകുപ്പിന്‍െറ അനുമതി ലഭിക്കാത്തതിനാല്‍ ലക്നോയില്‍ വെച്ചാണ് ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്.

പ്രിയ പത്നി മുംതാസ് മഹലിന്‍െറ ഓര്‍മയ്ക്കായി മുഗള്‍ ഭരണാധികാരി ഷാജഹാന്‍ ആഗ്രയില്‍ യമുന നദിയുടെ തെക്കേ തീരത്താണ് താജ്മഹല്‍ നിര്‍മിച്ചത്. ഉസ്താദ് അഹമ്മദ് ലാഹോരിയുടെ മുഖ്യ മേല്‍നോട്ടത്തില്‍ 20,000ലധികം തൊഴിലാളികളെ ഉപയോഗിച്ച് 5,280 കോടി രൂപ ചെലവഴിച്ചാണ് വെളുത്ത മാര്‍ബ്ള്‍ സ്മാരകം പണികഴിപ്പിച്ചത്. താജിന്‍െറ നിര്‍മാണം 1628ല്‍ ആരംഭിച്ച് 1658ല്‍ പൂര്‍ത്തിയായി. എന്നാല്‍, 1632ല്‍ സ്മാരകം കമ്മീഷന്‍ ചെയ്തു.

മുഗള്‍ വാസ്തു നിര്‍മാണത്തിന്‍െറ ഉത്തമ ഉദാഹരണമായ താജ്മഹല്‍, "ഇന്ത്യയിലെ മുസ് ലിം കലാരൂപങ്ങളുടെ രത്നം" എന്നാണ് അറിയപ്പെടുന്നത്. 1983ല്‍ താജിനെ ലോക പൈതൃക പട്ടികയില്‍ യുനെസ്കോ ഉള്‍പ്പെടുത്തി. പ്രതിവര്‍ഷം മൂന്നു ദശലക്ഷം വിനോദ സഞ്ചാരികളാണ് താജ് സന്ദര്‍ശിക്കാന്‍ എത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.