ആള്‍ദൈവം രാധേ മാക്ക് മുന്‍കൂര്‍ ജാമ്യം

മുംബൈ: വിവാദ ആള്‍ദൈവം രാധേ മാക്ക് ബോംബെ ഹൈകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. പീഡന കേസില്‍ ആണ്  ജാമ്യം ലഭിച്ചത്. നേരത്തെ കീഴ്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിരുന്നു.

ചോദ്യം ചെയ്യലിനായി മുംബൈയിലെ കണ്ഡിവാലി പൊലീസ് സ്റ്റേഷനില്‍ ഹാജരായതിനു തൊട്ടുടന്‍ ആണ് ജാമ്യം ലഭിച്ചത്. തന്‍റെ പതിവുരീതിയില്‍ കടും ചുവപ്പു നിറത്തിലുള്ള വസ്ത്രം ധരിച്ച് കയ്യില്‍ തൃശൂലവുമേന്തി വെള്ള എസ്.യു.വിയില്‍ ആണ് ആള്‍ദൈവം സ്റ്റേഷനില്‍ എത്തിയത്. ഇവര്‍ സ്റ്റേഷനു മുന്നില്‍ വന്നിറങ്ങുന്നതിന് ഏതാനും മിനിറ്റ് മുമ്പ് ഇരുപതോളം വരുന്ന ആള്‍ക്കൂട്ടം അവിടെ തമ്പടിച്ചിരുന്നു. കടും ചുവപ്പു നിറത്തിലുള്ള ബാന്‍റ് തലക്കു ചുറ്റും കെട്ടിയ, അനുയായികള്‍ എന്നു കരുതുന്ന ഇവരുടെ കൈപിടിച്ചാണ് സ്റ്റേഷനിലേക്ക് രാധേ മാ കടന്നു ചെന്നത്.

ആള്‍ദൈവത്തിനെതിരെ  പീഡന പരാതിയില്‍ മുംബൈ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. രാധേ മായുടെ പ്രേരണയാല്‍ ഭര്‍തൃ കുടുംബം തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് 32 കാരിയാണ് പരാതി നല്‍കിയത്. കീഴ്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ചോദ്യം ചെയ്യലില്‍ നിന്ന് രക്ഷപ്പെടാന്‍ രാധേ മാ ബാങ്കോക്കിലേക്ക് കടക്കാന്‍ ഒരുങ്ങുന്നതായി പരാതിക്കാരിയുടെ അഭിഭാഷകന്‍ പൊലീസിനെ അറിയിച്ചിരുന്നു. പരാതി കൊടുത്തതിനെ തുടര്‍ന്ന് ഭീഷണി ഉയര്‍ന്നതായും അഭിഭാഷകന്‍ അറിയിച്ചു.
മതവികാരം ഉയര്‍ത്തി അപമാനിക്കല്‍, വഞ്ചന എന്നിവ അടക്കം നിരവധി കേസുകള്‍ ആള്‍ദൈവത്തിന്‍റെ പേരില്‍ ഉണ്ട്. ആള്‍ദൈവ വേഷത്തിലേക്ക് മാറുന്നതിന് മുമ്പ് സുഖ് വീന്ദര്‍ കൗര്‍ ആയിരുന്നു രാധേ മാ. കടും ചുവപ്പു വസ്ത്രവും സ്വര്‍ണാഭരണങ്ങളും അണിഞ്ഞായിരുന്നു സ്വയം പ്രഖ്യാപിത ആള്‍ദൈവത്തിന്‍റെ നടപ്പ്. മിനി സ്കര്‍ട്ടും ടോപ്പുമണിഞ്ഞ് ഇവര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ വൈറല്‍ ആയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.