ന്യൂഡല്‍ഹി: റബര്‍ വിലത്തകര്‍ച്ച നേരിടാന്‍ ഫലപ്രദ നടപടി സ്വീകരിക്കാത്ത കേന്ദ്രസര്‍ക്കാറിന് വാണിജ്യകാര്യ പാര്‍ലമെന്‍ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ കടുത്ത വിമര്‍ശം. 2009 മുതല്‍ 2014 വരെ ഇറക്കുമതി വന്‍തോതില്‍ വര്‍ധിച്ചെങ്കിലും ആനുപാതികമായി വ്യാവസായിക ഉപയോഗം വര്‍ധിച്ചിട്ടില്ളെന്ന് ചൂണ്ടിക്കാട്ടിയ സമിതി, വിലയിടിക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നതായി വിലയിരുത്തി.
ആവശ്യത്തിന് അനുസരിച്ചുമാത്രമാകണം ഇറക്കുമതി. തീരുവയുടെ കാര്യത്തില്‍ ഘടനാപരമായ മാറ്റം കൊണ്ടുവരണം. ആഭ്യന്തര ഉല്‍പാദനം കൂടുന്നതനുസരിച്ച് ഇറക്കുമതി നിയന്ത്രിക്കപ്പെടണം. റബര്‍ ഉല്‍പാദക സംഘങ്ങളെയും വിപണന സംഘങ്ങളെയും ശക്തിപ്പെടുത്താന്‍ സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് വേണ്ടത്ര നടപടികളില്ല. ടയര്‍ ഇതര മേഖലക്ക് വേണ്ടി സര്‍ക്കാറിനോ റബര്‍ ബോര്‍ഡിനോ വ്യക്തമായ കര്‍മപരിപാടികളില്ല. റോഡു നിര്‍മാണത്തില്‍ റബര്‍ ഉപയോഗം വര്‍ധിപ്പിക്കണം. റബര്‍ ബോര്‍ഡിലെ സുപ്രധാന തസ്തികകള്‍ നാളുകളായി ഒഴിഞ്ഞു കിടക്കുന്നതില്‍ കമ്മിറ്റി ഉത്കണ്ഠ പ്രകടിപ്പിച്ചു. സെക്രട്ടറിയുടെ തസ്തിക ഒരു പതിറ്റാണ്ടിലേറെയായി നികത്തിയിട്ടില്ല. റബര്‍ ബോര്‍ഡിന് മുഴുസമയ ചെയര്‍മാനില്ല. റബര്‍ പ്രൊഡക്ഷന്‍ കമീഷണറെയും നിയമിച്ചിട്ടില്ല. ഏറ്റവും നേരത്തെ സുപ്രധാന തസ്തികകളില്‍ നിയമനം നടത്തണം. റബര്‍ ബോര്‍ഡിന്‍െറ ഘടനയില്‍ പരിഷ്കാരം കൊണ്ടുവന്ന് കര്‍ഷക സൗഹൃദമാക്കണമെന്ന് നിര്‍ദേശിച്ചു. ദേശീയ റബര്‍ നയം ആവിഷ്കരിക്കുന്നതിന് രൂപവത്കരിച്ച വിദഗ്ധ സമിതിയില്‍ ചെറുകിട, നാമമാത്ര കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും പ്രാതിനിധ്യം നല്‍കാത്തതിനെയും സമിതി വിമര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.