റാഞ്ചി: ഝാര്‍ഖണ്ഡില്‍ റാഞ്ചി ജില്ലയിലെ കാഞ്ചിയ ഗ്രാമത്തില്‍ ദുര്‍മന്ത്രവാദികളെന്നാരോപിച്ച് അഞ്ചു സ്ത്രീകളെ കൊലപ്പെടുത്തി. വടികളും മൂര്‍ച്ചയുള്ള ആയുധങ്ങളുമുപയോഗിച്ചാണ് നാട്ടുകാര്‍ അര്‍ധരാത്രി സ്ത്രീകളെ ആക്രമിച്ചത്. ശനിയാഴ്ചയാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. സംഭവത്തെ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ് അപലപിച്ചു.
2001 മുതല്‍ 400 സ്ത്രീകളെയാണ് ഝാര്‍ഖണ്ഡില്‍ ദുര്‍മന്ത്രവാദമാരോപിച്ച് കൊലപ്പെടുത്തിയത്. 2000നും 2012നുമിടയില്‍ രാജ്യത്താകെ 2097 പേരാണ് ഇത്തരത്തില്‍ കൊല്ലപ്പെട്ടതെന്നാണ് നാഷനല്‍ ക്രൈംറെക്കോഡ്സ് ബ്യൂറോയുടെ കണക്ക്. വിദ്യാഭ്യാസമില്ലാത്തതും അറിവില്ലായ്മയും ഒറ്റപ്പെട്ട അവസ്ഥയും തൊഴിലില്ലായ്മയുമാണ് ഗ്രാമങ്ങളില്‍ മന്ത്രവാദമുള്‍പ്പെടെ അന്ധവിശ്വാസങ്ങളെ വളര്‍ത്തുന്നതെന്ന് ഝാര്‍ഖണ്ഡ് സംസ്ഥാന വനിതാകമീഷന്‍ അധ്യക്ഷ മാഹ്വാ മാഞ്ചി അഭിപ്രായപ്പെട്ടു.
അഞ്ചു സ്ത്രീകളുടെ ദാരുണമരണത്തില്‍ നടുക്കംരേഖപ്പെടുത്തിയ മാഹ്വാ മാഞ്ചി, സ്ത്രീകളെ സംരക്ഷിക്കുന്ന ശക്തമായ നയങ്ങളിലൂടെ മാത്രമെ ഇത്തരം കുറ്റകൃത്യങ്ങളെ തടയാനാകൂവെന്നും പറഞ്ഞു. അധ്യാപകര്‍ സ്കൂളുകളില്‍ ഉച്ചഭക്ഷണം ഉണ്ടാക്കുന്നതില്‍നിന്ന് മാറി അധ്യാപനത്തില്‍ ശ്രദ്ധചെലുത്തിയാലെ ഗ്രാമങ്ങളില്‍ സാക്ഷരത വര്‍ധിപ്പിക്കാനാകൂവെന്നും അവര്‍ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.