വധശിക്ഷ നിരോധത്തിന് ചര്‍ച്ചയാകാമെന്ന് ബി.ജെ.പി

ന്യൂഡല്‍ഹി: വധശിക്ഷയുടെ  കാര്യത്തില്‍ ചര്‍ച്ചയാകാമെന്ന് ബി.ജെ.പിയും.  വധശിക്ഷ നിരോധിക്കുന്ന കാര്യം ചര്‍ച്ച ചെയ്യുന്നതിന് ബി.ജെ.പി എതിരല്ളെന്ന്  പാര്‍ട്ടിവക്താവും കേന്ദ്രമന്ത്രിയുമായ നിര്‍മല സീതാരാമനാണ്  വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്. വധശിക്ഷയെ വര്‍ഗീയവത്കരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതിനെയാണ് തങ്ങള്‍ എതിര്‍ക്കുന്നതെന്ന് നിര്‍മല തുടര്‍ന്നു.
അതേസമയം, തന്‍െറ നിലപാട് ഞായറാഴ്ചയും ആവര്‍ത്തിച്ച കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ ഭീകരര്‍ക്കുപോലും വധശിക്ഷ നല്‍കരുതെന്നും പകരം പരോള്‍പോലും നല്‍കാതെ അവരെ ജയിലിലിടുകയാണ് വേണ്ടതെന്നും പറഞ്ഞു. പരോള്‍പോലും നല്‍കാതെ ഭീകരരെ ജയിലിലിട്ടാല്‍ മതി. ഒരു വ്യക്തി മറ്റൊരാളെ കൊന്നാല്‍ അവനെയും കൊല്ലണമെന്ന ഒരു വിശ്വാസമുണ്ട്. ഈ കാലഹരണപ്പെട്ട സമ്പ്രദായം നാമെന്തിന് പിന്തുടരണമെന്ന് തരൂര്‍ ചോദിച്ചു.
നമ്മള്‍ വധശിക്ഷ നടപ്പാക്കുമ്പോള്‍ പ്രതികളെപ്പോലെ പെരുമാറുകയാണ്  ചെയ്യുന്നതെന്നും തരൂര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. താന്‍ മാത്രമല്ല, സീതാറാം യെച്ചൂരി, ഡി. രാജ, കനിമൊഴി, ശത്രുഘ്നന്‍ സിന്‍ഹ, വരുണ്‍ ഗാന്ധി തുടങ്ങിയവരെല്ലാം വധശിക്ഷക്കെതിരാണ്.
ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും എതിര്‍ത്തിട്ടുണ്ട്.  ലോകത്തെ 143 രാജ്യങ്ങള്‍ വധശിക്ഷ നിരോധിച്ചിട്ടുണ്ട്. വെറും 35 രാജ്യങ്ങളില്‍ മാത്രമാണ് വധശിക്ഷയുള്ളത്. മറ്റു  രാജ്യങ്ങള്‍ നിയമം അനുവദിക്കുന്നുണ്ടെങ്കിലും നടപ്പാക്കുന്നില്ല. പിന്നെയെന്തിനാണ് നാം ഈ സമ്പ്രദായം പിന്തുടരുന്നതെന്ന് തരൂര്‍ ചോദിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.