ഡോ. എച്ച്.എസ്. വെങ്കടേശമൂർത്തി
ബംഗളൂരു: മുതിർന്ന കന്നഡ എഴുത്തുകാരനും കവിയും നാടകകൃത്തും അക്കാദമീഷ്യനുമായ എച്ച്.എസ്.വി എന്ന ഡോ. എച്ച്.എസ്. വെങ്കടേശമൂർത്തി (80) ബംഗളൂരുവിൽ അന്തരിച്ചു. പ്രായാധിക്യ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം.
30 വർഷത്തോളം ബംഗളൂരുവിലെ സെന്റ് ജോസഫ്സ് കോമേഴ്സ് കോളജിൽ അധ്യാപകനായിരുന്നു. 1944 ജൂൺ 23ന് ദാവൻഗരെയിലെ ചന്നഗിരി ഹൊദിഗരെയിൽ നാരായണ ഭട്ട- നാഗരത്നമ്മ ദമ്പതികളുടെ മകനായി ജനനം. ബാംഗ്ലൂർ യൂനിവേഴ്സിറ്റിയിൽനിന്ന് കന്നഡയിൽ ബിരുദാനന്തര ബിരുദം നേടി. തുടർന്ന് സെന്റ് ജോസഫ്സ് കോളജിൽ പ്രഫസറായി. കന്നഡ ഭാഷയിൽ ഗവേഷണം പൂർത്തിയാക്കിയ അദ്ദേഹം നൂറോളം പുസ്തകങ്ങൾ രചിച്ചു.
പരിവ്രത, ബാഗിലു ബഡിയുവജന, സൗഗന്ധിക, മൂവത്തു മാലേഗാള എന്നിവയാണ് പ്രധാന കവിതസമാഹാരങ്ങൾ. ഹെജ്ജഗളു, ഒണ്ടു സൈനിക വൃത്താന്ത, അഗ്നിവർണ എന്നിവയാണ് പ്രധാന നാടക കൃതികൾ. ചിന്നാരി മുത്ത, അമേരിക്ക അമേരിക്ക, മൈത്രി, കിരിക് പാർട്ടി തുടങ്ങി നിരവധി കന്നഡ സിനിമകൾക്ക് പാട്ടും സംഭാഷണവും എഴുതി. മുക്ത, മഹാപർവ തുടങ്ങിയ ഹിറ്റ് ടി.വി സീരിയലുകൾക്ക് ടൈറ്റിൽ ഗാനങ്ങളുമെഴുതി. ഭാര്യയും നാലു മക്കളുമടങ്ങുന്നതാണ് കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.