ലോക സാമ്പത്തിക ഫോറത്തിൽ യു.പി.എൽ ചെയർമാൻ ആൻഡ് സി.ഇ.ഒ ജയ് ഷ്റോഫും വ്യവസായ മന്ത്രി എം.ബി. പാട്ടീലും കൂടിക്കാഴ്ചയിൽ
ബംഗളൂരു: ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറം(ഡബ്ല്യു.ഇ.എഫ്) യോഗത്തിൽ സംസ്ഥാനത്തിന് 13,070 കോടി രൂപയുടെ നിക്ഷേപ സാധ്യത ലഭിച്ചതായി വ്യവസായ മന്ത്രി എം.ബി. പാട്ടീൽ. എയ്റോസ്പേസ്, ഭക്ഷ്യ സംസ്കരണം, ഡേറ്റ സെന്ററുകൾ, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, ക്ലീൻ എനർജി, അഡ്വാൻസ്ഡ് മാനുഫാക്ചറിങ് തുടങ്ങിയ മേഖലകളിലാണ് നിക്ഷേപ സാധ്യത തെളിഞ്ഞത്.
മന്ത്രി എം.ബി. പാട്ടീൽ
ആർ.പി. സഞ്ജീവ് ഗോയങ്ക ഗ്രൂപ് (ആർ.പി.എസ്.ജി) അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വിജയപുര, ബല്ലാരി ജില്ലകളിൽ 10,500 കോടി രൂപ നിക്ഷേപിക്കും. ഇത് വടക്കൻ കർണാടകയിലെ പുനരുപയോഗ ഊർജ മേഖലക്ക് സഹായകമാകും. ആഗോള മദ്യനിർമാണ കമ്പനി കാൾസ്ബർഗ് ഗ്രൂപ് നഞ്ചൻഗുഡുവിൽ 350 കോടി രൂപയുടെ ബോട്ട്ലിങ് പ്ലാന്റ് സ്ഥാപിക്കാനുള്ള സന്നദ്ധത ആവർത്തിച്ചു. ഐ.ടി പ്രവർത്തനങ്ങളിൽ ഉൾപ്പെടെ 1520 കോടി രൂപ നിക്ഷേപിക്കാൻ ഷ്നൈഡർ ഇലക്ട്രിക് മുന്നോട്ടുവന്നു. സംസ്ഥാനത്ത് ഇതിനകം 10,000 കോടി രൂപ നിക്ഷേപിക്കുകയും കുഷ്ഠഗിയിൽ കാറ്റാടി വൈദ്യുതിക്കായി ടർബൈൻ ബ്ലേഡ് നിർമാണം ആരംഭിക്കുകയും ചെയ്ത ഐനോക്സ് ജി.എഫ്.എൽ, കാറ്റാടി വൈദ്യുതി ടവറുകളും സോളാർ പാനലുകളും നിർമിക്കുന്നതിനായി 400 കോടി രൂപ കൂടി നിക്ഷേപിക്കും. ടി.വി.എസിന് ഘടകങ്ങൾ വിതരണം ചെയ്യുന്ന മൈസൂരു യൂനിറ്റ് വികസിപ്പിക്കുന്നതിനായി ബെൽറൈസ് ഇൻഡസ്ട്രീസ് 300 കോടി രൂപ നിക്ഷേപിക്കും.
സിംഗപ്പൂർ ആസ്ഥാനമായുള്ള കമ്പനികളെ ആകർഷിക്കുന്നതിനായി ‘സിംഗപ്പൂർ പാർക്ക്’സ്ഥാപിക്കുന്നതിനെക്കുറിച്ച് സിംഗപ്പൂർ സാമ്പത്തിക വികസന ബോർഡുമായി ചർച്ച നടന്നു. രാജ്യത്ത് കൊക്കക്കോള നിക്ഷേപിക്കുന്ന 25,760 കോടി രൂപയിൽ ഗണ്യമായ പങ്കും സംസ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള ശ്രമം നടന്നതായും മന്ത്രി അറിയിച്ചു. ആഗോള കമ്പനികളായ നോക്കിയ, യു.എസ് ആസ്ഥാനമായ വാസ്റ്റ് സ്പേസ്, യു.എ.ഇ ആസ്ഥാനമായ ക്രസന്റ് എന്റർപ്രൈസസ്, വോയേജർ ടെക്നോളജീസ് എന്നിവ സംസ്ഥാനത്ത് നിക്ഷേപിക്കാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കർണാടകയിൽ ഇതിനകംതന്നെ ഏകദേശം 13,000 കോടി രൂപ നിക്ഷേപിച്ച ഭാരതി എന്റർപ്രൈസസ്, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി പുതിയ ഡേറ്റ സെന്റർ സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ചു. സംസ്ഥാനത്തെ നിക്ഷേപ അവസരങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഭാരത് ഫോർജ് ലിമിറ്റഡ് നേടിയിട്ടുണ്ട്. ഫ്രാൻസ് ആസ്ഥാനമായുള്ള മിസ്ട്രൽ എ.ഐ ബംഗളൂരുവിൽ ഘട്ടം ഘട്ടമായുള്ള ഗവേഷണ വികസന കേന്ദ്രം സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. യു.എസ് ആസ്ഥാനമായുള്ള ഫിലിപ് മോറിസ് കർണാടകയിൽ പുകരഹിത ഉൽപന്നങ്ങൾ നിർമിക്കാൻ താൽപര്യം പ്രകടിപ്പിച്ചു.
നോക്കിയ കോർപറേഷൻ സംസ്ഥാനത്ത് ഗ്ലോബൽ കപ്പാസിറ്റി സെന്ററും (ജി.സി.സി) ഗവേഷണ കേന്ദ്രങ്ങളും സ്ഥാപിക്കാൻ സന്നദ്ധമാണ്. ബംഗളൂരുവിന് പുറത്തുള്ള നഗരങ്ങളെ സ്വയംപര്യാപ്തമായ നഗര കേന്ദ്രങ്ങളായി വികസിപ്പിക്കുക എന്ന സംസ്ഥാന സർക്കാറിന്റെ മുൻഗണനക്ക് അനുസൃതമായി, രണ്ടാം നിര നഗരങ്ങളിലേക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിൽ ടെക് മഹീന്ദ്ര തൽപരരാണ്. ഭാരതി എന്റർപ്രൈസസ് ഡേറ്റ സെന്റർ സ്ഥാപിക്കുന്നതിൽ താൽപര്യം പ്രകടിപ്പിച്ചു. സിഫി ടെക്നോളജീസ് സംസ്ഥാനത്ത് ഉടൻതന്നെ ആരംഭിക്കുമെന്ന് പറഞ്ഞതായും മന്ത്രി പറഞ്ഞു.
ആഗോള സൈബർ സുരക്ഷാ പ്രമുഖരായ ക്ലൗഡ്ഫ്ലെയറും ‘ക്വിൻ സിറ്റി’പദ്ധതിയുടെ ഭാഗമാകും. ലണ്ടനിലെ പ്രശസ്ത സർവകലാശാലകളിലൊന്നായ ഇംപീരിയൽ ബംഗളൂരുവിനടുത്തുള്ള ദബാസ്പേട്ടിനും ദൊഡ്ഡബല്ലാപൂരിനും ഇടയിൽ വരുന്ന ‘ക്വിൻ സിറ്റി’യിൽ ഗവേഷണ വികസന കേന്ദ്രം സ്ഥാപിച്ചേക്കും. കർണാടകയുടെ വ്യവസായ സൗഹൃദപരവും നൂതനാശയങ്ങൾ അടിസ്ഥാനമാക്കിയുള്ളതുമായ ആവാസവ്യവസ്ഥ പ്രയോജനപ്പെടുത്തുന്നതിന് സ്വിസ് കമ്പനികളെ സഹായിക്കുന്നതിനായി ധാരണപത്രത്തിൽ ഒപ്പുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.