പ്രതീകാത്മക ചിത്രം

ഭക്ഷ്യമലിനീകരണം തടയാൻ സർക്കാർ വിവിധ വകുപ്പുകളുടെ യോഗം വിളിക്കും

ബംഗളൂരു: പച്ചക്കറികൾ, പാൽ, കോഴിയിറച്ചി ഉൽപന്നങ്ങൾ എന്നിവയിൽ രാസവസ്തുക്കളുൾപ്പെടെയുള്ള ഭക്ഷ്യ മലിനീകരണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇവ പരിഹരിക്കുന്നതിനായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും ബംഗളൂരു നിയമസഭാംഗങ്ങളുടെയും യോഗം വിളിക്കുമെന്ന് സർക്കാർ വ്യാഴാഴ്ച അറിയിച്ചു. സാധാരണയായി ബംഗളൂരുവില്‍ വായു, ജലം എന്നിവമൂലമുള്ള മലിനീകരണം ഉണ്ടെന്ന കാര്യം സർക്കാർ അംഗീകരിക്കുന്നുണ്ടെന്ന് നിയമസഭയിൽ നടന്ന ചർച്ചക്ക് മറുപടിയായി വനം-പരിസ്ഥിതി മന്ത്രി ഈശ്വർ ഖന്ദ്രെ പറഞ്ഞു.

ഭക്ഷണത്തിലും, വായുവിലും, വെള്ളത്തിലും, പാലിലും പോലും മലിനീകരണമുണ്ട്. ഈ പ്രശ്നം ദിനംപ്രതി വർധിക്കുകയാണ്. അടുത്തയാഴ്ച സർക്കാർ ഒരു യോഗം വിളിക്കുമെന്നും നിയമസഭാംഗങ്ങളുമായും വിദഗ്ധരുമായും ഈ വിഷയം ചർച്ച ചെയ്യാൻ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി കൂടിയാലോചിച്ച ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജല മലിനീകരണവും മാലിന്യ സംസ്കരണത്തിലെ അപര്യാപ്തതയുമാണ് പ്രധാന കാരണം. 1.4 കോടി ജനസംഖ്യയുള്ള ബംഗളൂരുവിന് പ്രതിദിനം 1,800 ദശലക്ഷം ലിറ്റർ (എം.എൽ.ഡി) മലിനജല സംസ്കരണ ശേഷിയുള്ള പ്ലാന്‍റുകള്‍ ആവശ്യമാണ്. നിലവിൽ ഏകദേശം 1,200 എം.എൽ.ഡി. മലിനജല സംസ്കരണ ശേഷിയുള്ള പ്ലാന്‍റുകളാണ് ഉള്ളത്. സംസ്കരണ പ്ലാന്‍റുകള്‍ നിർമ്മിക്കുന്നതിലെ കാലതാമസവും സ്ഥലപരിമിതിയും സാഹചര്യം കൂടുതൽ വഷളാക്കിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട മലിനീകരണം, പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ശക്തമായ പൊതുജന അവബോധത്തിന്‍റെ ആവശ്യകത തുടങ്ങിയ വിഷയങ്ങളില്‍ ശ്രദ്ധ ചെലുത്തണം. സാധാരണയായി ഉപയോഗിക്കുന്ന പച്ചക്കറികളിൽ ഉയർന്ന അളവിൽ കീടനാശിനിയുടെ അവശിഷ്ടങ്ങള്‍ കാണപ്പെടുന്നു. പച്ചക്കറികളിലും ഇലക്കറികളിലും 200-ലധികം കീടനാശിനികളുടെയും 11-ലധികം ലോഹങ്ങളുടെയും അവശിഷ്ടങ്ങൾ കണ്ടെത്തിയതായി മല്ലേശ്വരം എം.എൽ.എ. നിയമസഭയെ അറിയിച്ചു.

ചില സാമ്പിളുകളിൽ ലെഡ്, ക്രോമിയം, ചെമ്പ്, ഇരുമ്പ് തുടങ്ങിയ ലോഹങ്ങളുടെ അളവ് അനുവദനീയമായ പരിധിയേക്കാൾ 20 മടങ്ങ് കൂടുതലാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്. ഇത് പൊതുജനാരോഗ്യത്തിന് ഗുരുതരമായ ഭീഷണിയാണെന്ന് മുൻ ഉപമുഖ്യമന്ത്രി കൂടിയായ നാരായൺ പറഞ്ഞു. ബീൻസ്, ബീറ്റ്റൂട്ട്, കാബേജ്, കാപ്സിക്കം, മുളക്, വെള്ളരി തുടങ്ങിയ പച്ചക്കറികളിലാണ് കീടനാശിനികള്‍ ഏറ്റവുമധികം കാണപ്പെടുന്നത്.

ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെയും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്‍റെയും നിർദ്ദേശപ്രകാരം സംസ്ഥാന മലിനീകരണ നിയന്ത്രണ അധികാരികളുടെയും കാർഷിക വിദഗ്ധരുടെയും പങ്കാളിത്തത്തോടെ നടത്തിയ പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ കണ്ടെത്തലുകൾ. ഒരു വകുപ്പിന് മാത്രമായി ഈ പ്രശ്നം കൈകാര്യം ചെയ്യാൻ കഴിയില്ലെന്നും ബംഗളൂരുവിൽ ഉപയോഗിക്കുന്ന ഭക്ഷണം ഗ്രാമപ്രദേശങ്ങളിൽ ഉൽപ്പാദിപ്പിക്കുന്നതിനാൽ കൃഷി, ഹോർട്ടികൾച്ചർ, ഫിഷറീസ്, വെറ്ററിനറി വകുപ്പുകളെല്ലാം ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്നും ഗ്രാമവികസന, പഞ്ചായത്ത് രാജ് മന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞു.

നിയമസഭാംഗങ്ങൾ ഉദ്ധരിച്ച റിപ്പോർട്ടുകൾ സർക്കാർ പഠിക്കുമെന്നും മാർഗനിർദേശങ്ങളും പ്രതിരോധ നടപടികളും രൂപവത്കരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുമായി കൂടിയാലോചനകൾ നടത്തുമെന്നും ഖന്ദ്രെ സഭക്ക് ഉറപ്പ് നൽകി.

Tags:    
News Summary - Government to convene meeting of various departments to prevent food contamination

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.