ബംഗളൂരു: മൈസൂരു-ബംഗളൂരു ഹൈവേ ഉദ്ഘാടനം ചെയ്ത് വർഷങ്ങൾ കഴിഞ്ഞിട്ടും മൃഗങ്ങളുടെ സുരക്ഷിതമായ ചലനം ഉറപ്പാക്കാൻ അടിപ്പാതകളും മേൽപാലങ്ങളുമുള്ള നിർദിഷ്ട വന്യജീവി ഇടനാഴി പാതിവഴിയിൽ ഉപേക്ഷിച്ചതായി ആക്ഷേപം. തിരക്കേറിയ ഈ പ്രദേശത്ത് വന്യജീവികളുടെ ജീവഹാനി തടയുന്നതിൽ നിർണായകമായ ഈ പദ്ധതി ഹൈവേ കരാറുകാരന്റെയും ദേശീയപാത അതോറിറ്റിയുടെയും വനംവകുപ്പിന്റെയും ഭാഗത്തുനിന്നുള്ള തുടർച്ചയായ അശ്രദ്ധ കാരണമാണ് നിലച്ചുപോയത്.
കഴിഞ്ഞ ദിവസം ജോഗനപാളയക്ക് സമീപം ഹൈവേ മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ ആറു വയസ്സുള്ള ഒരു ആൺ പുള്ളിപ്പുലി ഇടിച്ചുകയറിയത് വന്യജീവി പ്രേമികൾക്കിടയിൽ രോഷത്തിന് കാരണമായി. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം പരിശോധിക്കുകയും ടോൾ പ്ലാസയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തെങ്കിലും വാഹനം ഉടൻ കണ്ടെത്താനായില്ല. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മൈസൂരുവിനും ബംഗളൂരുവിനും ഇടയിലുള്ള യാതടൊസമയം കുറക്കുന്നതിനാണ് ഹൈവേ നിർമിച്ചത്. എന്നാൽ, പാരിസ്ഥിതിക ആശങ്കകൾ നേരത്തേതന്നെ ഉയർന്നുവന്നിരുന്നു. ഇത് പരിഹരിക്കുന്നതിനായി ശ്രീരംഗപട്ടണ താലൂക്കിലെ കെ. ഷെട്ടിഹള്ളിക്ക് സമീപം 8.96 കോടി രൂപ ചെലവിൽ അടിപ്പാതയും മേൽപാലവും ദേശീയ പാത അതോറിറ്റി നിർദേശിച്ചിരുന്നു. ഏകദേശം 60 ശതമാനം ജോലികളും വർഷങ്ങൾക്കു മുമ്പ് പൂർത്തിയായെങ്കിലും പദ്ധതി പിന്നീട് സ്തംഭിച്ചു.
വന്യജീവികളുടെ സഞ്ചാരത്തിന് അനുയോജ്യമായ മൂന്ന് സ്ഥലങ്ങൾ തിരിച്ചറിഞ്ഞിരുന്നു. അവയിൽ രാമദേവര ബേട്ടക്കടുത്തുള്ള ഹണ്ടിഗുണ്ടി വനവും ഉൾപ്പെടുന്നു, അവിടെ പുള്ളിപ്പുലികൾ പതിവായി കാണപ്പെട്ടിരുന്നു. ബന്നാർഘട്ടയെ സാവൻദുർഗയുമായി ബന്ധിപ്പിക്കുന്ന ആന ഇടനാഴിയുടെ ഭാഗമായ ബിഡദിക്കടുത്തുള്ള ഹൾതർ റിസർവ് വനമാണ് മറ്റൊരു സ്ഥലം. മൂന്നാമത്തെ വന്യജീവി ക്രോസിങ് പോയന്റ് ശ്രീരംഗപട്ടണ താലൂക്കിനടുത്തുള്ള കെ. ഷെട്ടഹള്ളിക്ക് ചുറ്റുമുള്ള പ്രദേശമാണ്.
മുമ്പ് മൃഗങ്ങൾ ഈ വനപ്രദേശം സ്വതന്ത്രമായി മുറിച്ചുകടന്നിരുന്നു. എന്നാൽ, ഇപ്പോൾ ഹൈവേയുടെ ഇരുവശത്തും വേലി സ്ഥാപിച്ചിരിക്കുന്നതിനാൽ വിടവുകളിലൂടെയോ വേലിയില്ലാത്ത ഭാഗങ്ങളിലൂടെയോ അപകടകരമായ മുറിച്ചു കടക്കലുകൾ നടത്താൻ അവ ശ്രമിക്കുന്നു, ഇത് പലപ്പോഴും മാരകമായ കൂട്ടിയിടികൾക്ക് കാരണമാകുന്നു.
പുള്ളിപ്പുലി, കരടി, മാൻ, കാട്ടുപന്നികൾ, മുയലുകൾ, മറ്റു ജീവികൾ എന്നിവ സുരക്ഷിതമായി കടന്നുപോകാൻ സഹായിക്കുന്നതിന് 100 മീറ്റർ നീളവും 20 അടി വീതിയുമുള്ള മേൽപാലവും 100 അടി വീതിയും 30 അടി ഉയരവുമുള്ള അടിപ്പാതയും നിർദിഷ്ട ഇടനാഴിയിൽ ഉൾപ്പെടുന്നു. എന്നാൽ, ഭൂമി ലഭ്യതയെച്ചൊല്ലി ദേശീയപാത അതോറിറ്റിയും വനംവകുപ്പും തമ്മിലുള്ള പരസ്പരവിരുദ്ധമായ അവകാശവാദങ്ങളും ചുവപ്പുനാടയും പദ്ധതിയെ സ്തംഭിപ്പിച്ചു.
ആവശ്യമായ ഭൂമി വനംവകുപ്പ് കൈമാറിയിട്ടില്ലെന്ന് അതോറിറ്റി ആരോപിക്കുമ്പോൾ ഭൂമി വളരെ മുമ്പുതന്നെ കൈമാറ്റം ചെയ്യപ്പെട്ടതാണെന്ന് വനം ഉദ്യോഗസ്ഥർ വാദിക്കുന്നു. ഹൈവേ തുറന്നതിനുശേഷം വന്യജീവികൾക്ക് ജീവഹാനി ആവർത്തിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.