ബംഗളൂരു: കർണാടക സർക്കാർ വിവിധ വകുപ്പുകളിലെ ഒഴിവുകൾ നികത്താത്തതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ധാർവാഡിൽ വിദ്യാർഥികളും ഉദ്യോഗാർഥികളും നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. മുൻകൂട്ടി അനുമതി തേടിയെങ്കിലും നിഷേധിച്ചതിനെത്തുടർന്ന് ഉദ്യോഗാർഥികൾ വിലക്ക് ലംഘിച്ച് മാർച്ചിന് ഇറങ്ങുകയായിരുന്നു. ബെളഗാവിയിൽ ഈ മാസം എട്ടിന് ആരംഭിക്കുന്ന കർണാടക നിയമസഭ ശൈത്യകാല സമ്മേളനത്തിൽ നിയമനം സംബന്ധിച്ച നയം പ്രഖ്യാപിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
നിയമം ലംഘിച്ച് മാർച്ച് നടത്തിയ സ്ത്രീകൾ ഉൾപ്പെടെ 35 പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു. ജനസമന്യര വേദികെയും ഉദ്യോഗകാംക്ഷിഗല സമരസമിതിയും ചേർന്നാണ് മാർച്ച് സംഘടിപ്പിച്ചത്. ശ്രീനഗർ സർക്കിളിൽനിന്ന് ജില്ല കമീഷണറുടെ ഓഫിസിലേക്ക് മാർച്ച് നടത്താൻ ഉദ്യോഗാർഥികൾ പദ്ധതിയിട്ടിരുന്നു. എന്നാൽ, പൊലീസ് ഇടപെട്ട് പങ്കെടുത്തവരിൽ പലരെയും കസ്റ്റഡിയിലെടുത്തു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിദ്യാർഥികൾ ശ്രീനഗർ പ്രദേശത്ത് ഒത്തുകൂടി സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചു.
ഒഴിവുള്ള എല്ലാ തസ്തികകളും നികത്തുന്നതിനും കൂടുതൽ വിദ്യാർഥി സൗഹൃദ നടപടികൾ അവതരിപ്പിക്കുന്നതിനുമായി സംസ്ഥാന നിയമസഭയുടെ വരാനിരിക്കുന്ന ശൈത്യകാല സമ്മേളനത്തിൽ വ്യക്തമായ നയം പ്രഖ്യാപിക്കണമെന്ന് അവർ സർക്കാറിനോട് ആവശ്യപ്പെട്ടു. ഗതാഗതക്കുരുക്കും ക്രമസമാധാന പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി പൊലീസ് നേരത്തെ പ്രകടനത്തിന് അനുമതി നിഷേധിച്ചിരുന്നു. എന്നാൽ, സംഘാടകർ മാർച്ചുമായി മുന്നോട്ടുപോയി. ഉദ്യോഗാർഥികൾ അനുമതി തേടിയിരുന്നെങ്കിലും സുരക്ഷാകാരണങ്ങളാൽ അത് തടഞ്ഞുവെച്ചതായി ധാർവാഡ് പൊലീസ് കമീഷണർ എൻ. ശശികുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഏകദേശം 30,000 വിദ്യാർഥികൾ പ്രതിഷേധത്തിൽ പങ്കെടുക്കുമെന്നാണ് സംഘാടകർ അവകാശപ്പെട്ടത്. ചില പി.ജി, ലൈബ്രറി സയൻസ് വിദ്യാർഥികൾ അനിശ്ചിതകാല ധർണ നടത്തുന്നതിനെക്കുറിച്ചും ജങ്ഷനുകൾ തടയുന്നതിനെക്കുറിച്ചും സംസാരിച്ചിരുന്നു. ആരാണ് പ്രതിഷേധത്തിന് നേതൃത്വം നൽകേണ്ടതെന്നും എത്ര പേർ യഥാർഥത്തിൽ പങ്കെടുക്കുമെന്നും വ്യക്തമാക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. ഏകദേശം 80,000 വിദ്യാർഥികൾ ഈ പ്രദേശത്ത് താമസിക്കുന്നുണ്ടെന്നും സ്കൂളുകൾ, കോളജുകൾ, ആശുപത്രികൾ എന്നിവയാൽ ചുറ്റപ്പെട്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാർഥികൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് അക്രമികൾ ഇത്തരമൊരു സാഹചര്യം ദുരുപയോഗം ചെയ്താൽ ക്രമസമാധാനം എളുപ്പത്തിൽ തകരാൻ സാധ്യതയുണ്ട്.
ഇക്കാരണങ്ങൾ കൊണ്ടാണ് അനുമതി നൽകാതിരുന്നത്. അധികാരികൾക്ക് പൂർണമായ വിവരങ്ങൾ നൽകുന്നതിൽ സംഘാടകർ പരാജയപ്പെട്ടുവെന്ന് കമീഷണർ പറഞ്ഞു. തിങ്കളാഴ്ച രാവിലെ ഏകദേശം 200 പ്രാദേശിക വിദ്യാർഥികളും ഉദ്യോഗാർഥികളും പ്രകടനം നടത്താൻ ഒത്തുകൂടി. പ്രതിഷേധം നിയമവിരുദ്ധമാണെന്ന് താൻ സംഘാടകരോട് പറഞ്ഞു. ചെറിയ തെറ്റായ പ്രവൃത്തി പോലും ഗുരുതരമായ പ്രശ്‌നങ്ങൾക്ക് കാരണമാകുമായിരുന്നു. സർക്കാർ ഇതിനകം ചില നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് തങ്ങൾ വിശദീകരിച്ചു. പക്ഷേ, അവർ ഡി.സി ഓഫിസിലേക്ക് മാർച്ച് ചെയ്യാൻ നിർബന്ധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. നിരവധി കോച്ചിങ് സെന്ററുകൾ വഴിയാണ് ഈ പാത കടന്നുപോകുന്നതെന്നും മുൻകരുതലെന്ന നിലയിലാണ് പൊലീസ് പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.