കെ.പി.സി.സിയുടെ ആഭിമുഖ്യത്തില്‍ നടന്ന സേവ് എം.ജി.എന്‍.ആര്‍.ഇ.ജി.എ പരിപാടിയില്‍നിന്ന്
ബംഗളൂരു: ഗ്രാമീണ ജനതയുടെ തൊഴിൽ അവകാശം കവർന്നെടുക്കുന്ന വിബി ജി റാം ജി നിയമം നിർത്തലാക്കുന്നതിനും എം.ജി.എന്‍ ആര്‍.ഇ.ജി.എ പുനഃസ്ഥാപിക്കുന്നതിനുമായി സംസ്ഥാനത്ത് കോണ്‍ഗ്രസ് ‘സേവ് എം.ജി.എന്‍.ആര്‍.ഇ.ജി.എ’ കാമ്പയിൻ ആരംഭിച്ചു. കേന്ദ്ര സർക്കാർ ശൈത്യകാല സമ്മേളനത്തിലാണ് എം.ജി.എന്‍. ആര്‍.ഇ.ജി.എ റദ്ദാക്കുകയും വിബി ജി റാം ജി നിയമം നടപ്പാക്കുകയും ചെയ്തത്.
എം.ജി.എന്‍.ആര്‍.ഇ.ജി.എ നടപ്പാക്കിയതോടെ 12.16 കോടി ആളുകൾക്ക് ജോലി ലഭിച്ചു. ഏകദേശം 53 ശതമാനം സ്ത്രീകൾക്ക് ഇതുമൂലം ജോലി ലഭിച്ചു. കൂടാതെ പട്ടികജാതി വിഭാഗത്തിൽനിന്നുള്ള 17 ശതമാനം പേർക്കും പട്ടികജാതി വിഭാഗത്തിൽനിന്നുള്ള 11 ശതമാനം പേര്‍ക്കും ജോലി ലഭിച്ചു. വിബി ജി റാം ജി നിയമം വരുന്നതോടെ ഇത്തരം ആളുകളുടെയെല്ലാം അവകാശങ്ങൾ അപഹരിക്കപ്പെടുകയാണ്. 100 ദിവസത്തെ തൊഴില്‍ ഉറപ്പ് നല്‍കുന്ന എം.ജി.എന്‍.ആര്‍.ഇ.ജി.എ നിയമപ്രകാരം തൊഴിലാളികൾക്ക് അവരുടെ പ്രാദേശികതലത്തിൽ ജോലി ചെയ്യാമായിരുന്നു.
ഗ്രാമപഞ്ചായത്തിനും ഗ്രാമസഭക്കും ജോലിസ്ഥലം തീരുമാനിക്കാനുള്ള അധികാരമുണ്ടായിരുന്നു. എങ്കില്‍ ഇപ്പോള്‍ കേന്ദ്ര സർക്കാറാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കുന്നത്. കൂടാതെ കേന്ദ്രത്തിന്‍റെ ഗ്രാന്‍റും അനുമതിയുമില്ലാതെ ഗ്രാമപഞ്ചായത്തിൽ ജോലി ചെയ്യുന്നത് അസാധ്യമാണ്. അതിനാൽ, എം.ജി.എന്‍. ആര്‍.ഇ.ജി.എ തുടരണമെന്നാണ് കോൺഗ്രസ് പാർട്ടിയുടെ ആവശ്യം. വിബി ജി റാം ജിയില്‍ സംസ്ഥാനങ്ങൾ 40 ശതമാനം ഗ്രാന്‍റ് നല്‍കണം.
സംസ്ഥാനത്തിന്‍റെ താൽപര്യം പരിഗണിക്കുന്നതിൽ കേന്ദ്രം പരാജയപ്പെട്ടു. അതുകൊണ്ടാണ് വിബി ജി റാം ജി റദ്ദാക്കാനും എം.ജി.എന്‍.ആര്‍.ഇ.ജി.എ പുനഃസ്ഥാപിക്കാനും കോൺഗ്രസ് പാർട്ടി പോരാടുന്നതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. വി.ബി.ജി.ആർ.എ.എം.ജി പദ്ധതി പൂർണമായും റദ്ദാക്കി എം.ജി.എന്‍. ആര്‍.ഇ.ജി.എ വീണ്ടും നടപ്പാക്കണം. ജനങ്ങളുടെ തൊഴിൽ അവകാശം പുനഃസ്ഥാപിക്കണം. ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ പിന്നോട്ടിലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.
ഈ പോരാട്ടത്തിൽ ഞങ്ങളോടൊപ്പം ചേരണം. ഗ്രാമവാസികൾക്ക് പ്രയോജനപ്പെടുന്ന എം.ജി.എന്‍.ആര്‍.ഇ.ജി.എ പദ്ധതി പുനഃസ്ഥാപിക്കുന്നതിനുള്ള കോൺഗ്രസിന്‍റെ ലക്ഷ്യത്തെ പിന്തുണക്കാൻ ജനങ്ങളോട് അഭ്യർഥിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സേവ് എം.ജി.എന്‍. ആര്‍.ഇ.ജി.എ കാമ്പയിനിന്‍റെ ഭാഗമായി ചിക്ബെല്ലാപുരിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.