ബംഗളൂരു: മലിനമായ വെള്ളത്തിലൂടെ പകരുന്ന രോഗങ്ങളുടെ എണ്ണത്തിൽ കർണാടക രാജ്യത്ത് മുന്നിലാണെന്ന ആശങ്കജനകമായ റിപ്പോർട്ട് പുറത്ത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം ടൈഫോയിഡ്, വയറിളക്കം തുടങ്ങിയ രോഗങ്ങൾ സംസ്ഥാനത്ത് വൻതോതിൽ വർധിക്കുകയാണ്. ദേശീയതലത്തിൽ ടൈഫോയിഡ് കേസുകളിൽ രാജ്യത്ത് മൂന്നാം സ്ഥാനത്തും വയറിളക്ക കേസുകളിൽ അഞ്ചാം സ്ഥാനത്തുമാണ് കർണാടക.
ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് തലസ്ഥാനമായ ബംഗളൂരുവിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. 2021 മുതൽ 2025 വരെയുള്ള കണക്കുകളാണിത്. ശുദ്ധജല വിതരണത്തിലെ പാളിച്ചകളാണ് രോഗങ്ങൾ പടരാൻ പ്രധാന കാരണമാകുന്നതെന്നാണ് നിരീക്ഷണം. കൃത്യമായ പരിശോധനയില്ലാതെ വിതരണം ചെയ്യുന്ന ടാങ്കർ വെള്ളം, കുടിവെള്ള പൈപ്പുകളിലേക്ക് ഡ്രെയിനേജ് വെള്ളം കലരുന്നത്, ഗുണനിലവാരമില്ലാത്ത കുപ്പിവെള്ളത്തിന്റെ വിതരണം എന്നിവയാണ് രോഗം വരുന്ന പ്രധാന വഴികൾ.
നിലവിൽ തലസ്ഥാന നഗരിയിൽ പ്രതിദിനം ശരാശരി 10 കേസുകളെങ്കിലും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. എന്നാൽ, വേനൽക്കാലം ആരംഭിക്കുന്നതോടെ രോഗികളുടെ എണ്ണം ഇരട്ടിയാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. കുട്ടികളിലും പ്രായമായവരിലുമാണ് രോഗലക്ഷണങ്ങൾ കൂടുതൽ തീവ്രമായി കാണപ്പെടുന്നത്. ഛർദി, വയറിളക്കം, കഠിനമായ പനി എന്നിവയുമായി ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണത്തിൽ വലിയ വർധനയാണ് രേഖപ്പെടുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.