ബംഗളൂരു: രാജ്യത്തെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ കേബിൾ-സ്റ്റേഡ് സിഗന്ദൂർ പാലം കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി തിങ്കളാഴ്ച ഉദ്ഘാടനം ചെയ്തു. മുതിർന്ന ബി.ജെ.പി നേതാക്കൾ പരിപാടിയിൽ പങ്കെടുത്തെങ്കിലും മുഖ്യമന്ത്രി ഉൾപ്പെടെ സംസ്ഥാന മന്ത്രിമാർ വിട്ടുനിന്നു. ശിവമൊഗ്ഗ ജില്ലയിൽ സാഗര താലൂക്കിലെ അംബരഗോഡ്ലു-കലാസവള്ളിക്ക് ഇടയിൽ ശരാവതി കായലുകൾക്ക് കുറുകെ 472 കോടി രൂപ ചെലവിലാണ് പാലം നിർമിച്ചത്.
ഈ പാലം സാഗരയിൽനിന്ന് ചൗഡേശ്വരി ക്ഷേത്രത്തിന് പേരുകേട്ട സ്ഥലമായ സിഗന്ദൂരിന് ചുറ്റുമുള്ള ഗ്രാമങ്ങളിലേക്കുള്ള ദൂരം ഗണ്യമായി കുറക്കും. കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി, മുതിർന്ന ബി.ജെ.പി നേതാവ് മുൻമുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.പാലത്തിന്റെ ഉദ്ഘാടനവും അടിസ്ഥാന സൗകര്യ പദ്ധതികളുടെ തറക്കല്ലിടൽ ചടങ്ങും മാറ്റിവെക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഗഡ്കരിയോട് ആവശ്യപ്പെട്ടിരുന്നു. തന്നെ മുൻകൂട്ടി അറിയിക്കാതെ കാര്യപരിപാടിയിൽ ഉൾപ്പെടുത്തുകയായിരുന്നു.
വിജയപുര ജില്ലയിലെ ഇൻഡി താലൂക്കിലേക്കുള്ള തന്റെ സന്ദർശനം കണക്കിലെടുത്ത്, ഇത്തരമൊരു പരിപാടി ഷെഡ്യൂൾ ചെയ്യുന്നതിനുമുമ്പ് മന്ത്രി ഗഡ്കരിയുടെ ഓഫിസ് സംസ്ഥാന സർക്കാറുമായി കൂടിയാലോചിക്കുന്നതാണ് കൂടുതൽ ഉചിതമെന്നാണ് ഗഡ്കരിക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നത്. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകാൻ അദ്ദേഹത്തോട് അഭ്യർഥിക്കുകയും ചെയ്തു. വിജയപുര ജില്ലയിലെ ഇൻഡി താലൂക്കിൽ തന്റെ അധ്യക്ഷതയിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന പരിപാടി അതേ ദിവസം തന്നെ നടക്കുമെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, സംസ്ഥാനതല പരിപാടികൾ ഷെഡ്യൂൾ ചെയ്യുന്നതിന് മുമ്പ് സംസ്ഥാന സർക്കാറുമായി കൂടിയാലോചിക്കുന്നത് കൂടുതൽ ഉചിതമായിരിക്കുമെന്നും പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.