വീട്ടിൽനിന്ന് ലാബിലേക്ക് പോയ യുവതി മരിച്ചനിലയിൽ

ബംഗളൂരു: ചൊവ്വാഴ്ച വീട്ടിൽനിന്ന് ലബോറട്ടറി സന്ദർശിക്കാൻ പോയ ശേഷം കാണാതായ യുവതിയുടെ മൃതദേഹം ബുധനാഴ്ച ധാർവാഡിന്റെ പ്രാന്തപ്രദേശത്തുള്ള മനാസൂരിലെ വിജനമായ റോഡരികിൽ കണ്ടെത്തി. ധാർവാഡിലെ ഗാന്ധി ചൗക്കിൽ താമസിക്കുന്ന യൂനുസ് മുല്ലയുടെ മകൾ സാക്കിയ മുല്ലയാണ് (21) മരിച്ചത്.

പാരാമെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കി ജോലി അന്വേഷിക്കുന്ന സാകിയ ചൊവ്വാഴ്ച വൈകീട്ട് വീട്ടിൽനിന്ന് ലബോറട്ടറിയിൽ പോകുകയാണെന്നും ഉടൻ തിരിച്ചെത്തുമെന്നും പറഞ്ഞാണ് ഇറങ്ങിയത്. മടങ്ങിയെത്താതായപ്പോൾ കുടുംബം രാത്രി മുഴുവൻ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ലെന്ന് പൊലീസ് പറഞ്ഞു.

ബുധനാഴ്ച പുലർച്ചെ മൻസൂർ റോഡിന് സമീപം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മറ്റൊരിടത്ത് വെച്ച് കൊലപ്പെടുത്തി മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ഉപേക്ഷിച്ചിരിക്കാമെന്ന് പൊലീസ് സംശയിക്കുന്നു. ധാർവാഡ് റൂറൽ, വിദ്യാഗിരി പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. ചൊവ്വാഴ്ച വീട്ടിൽനിന്ന് ഇറങ്ങിയശേഷം സ്ത്രീയെ കാണാതായതായും ബുധനാഴ്ച രാവിലെയാണ് ധാർവാഡ് സിറ്റി, വിദ്യാഗിരി പൊലീസ് സ്റ്റേഷനുകളിൽ വിവരം ലഭിച്ചതെന്നും ധാർവാഡ് ജില്ല പൊലീസ് സൂപ്രണ്ട് ഗുഞ്ചൻ ആര്യ മാധ്യമങ്ങളോട് പറഞ്ഞു.

പൊലീസ് ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിച്ചുവരുകയാണ്, കൂടാതെ ക്രൈം സീൻ ഓഫിസറും സംഘവും സ്ഥലത്തെത്തി അന്വേഷണം നടത്തുന്നുണ്ട്. പോസ്റ്റ്‌മോർട്ടം പരിശോധനക്കുശേഷം എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ലഭ്യമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരുകയാണെന്നും പൊലീസ് പറഞ്ഞു.

Tags:    
News Summary - Woman found dead after going from home to lab

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.