ബംഗളൂരു: അശ്ലീല വിഡിയോ കേസുമായി ബന്ധപ്പെട്ട് ഡി.ജി.പി കെ. രാമചന്ദ്ര റാവുവിനെതിരെ അപകീർത്തികരമായ പ്രസ്താവനകളോ വാർത്തകളോ പ്രസിദ്ധീകരിക്കുന്നതിൽ നിന്നും സംപ്രേഷണം ചെയ്യുന്നതിൽനിന്നും മാധ്യമ സ്ഥാപനങ്ങളെ വിലക്കുന്ന എക്സ്-പാർട്ടെ ഇടക്കാല ഉത്തരവ് ബംഗളൂരുവിലെ 25ാമത് അഡീ. സിവിൽ ആൻഡ് സെഷൻസ് കോടതി ബുധനാഴ്ച പുറപ്പെടുവിച്ചു.
രാമചന്ദ്ര റാവുവുമായി ബന്ധപ്പെട്ട എല്ലാ അപകീർത്തികരമായ വിഡിയോകൾ, ഓഡിയോ ക്ലിപ്പുകൾ, കോൾ റെക്കോഡിങ്ങുകൾ, ദൃശ്യങ്ങൾ, വാർത്ത റിപ്പോർട്ടുകൾ എന്നിവ അവരുടെ വെബ്‌സൈറ്റുകളിൽനിന്നും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽനിന്നും ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടുകളിൽനിന്നും ഉടൻ നീക്കം ചെയ്യാൻ കോടതി മാധ്യമ സ്ഥാപനങ്ങളോട് നിർദേശിച്ചു. പ്രതികൾക്ക് അടിയന്തര നോട്ടീസും സമൻസും അയക്കാനും കോടതി ഉത്തരവിട്ടു.
കേസ് ഫെബ്രുവരി 27ലേക്ക് മാറ്റി. തന്റെ ഓഫിസിലെ സ്ത്രീയോട് അപമര്യാദയായി പെരുമാറിയതിന് സസ്‌പെൻഷനിലായ ഡി.ജി.പി രാമചന്ദ്ര റാവു സമർപ്പിച്ച ഹരജി പരിഗണിക്കുന്നതിനിടെയാണ് ജഡ്ജി ഗോപാല കൃഷ്ണ റൈ ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
കേസിന്റെ അടുത്ത വാദം കേൾക്കുന്നതുവരെ, പ്രതികളായ മാധ്യമ സ്ഥാപനങ്ങൾ, അവയുടെ റിപ്പോർട്ടർമാർ, അവതാരകർ, അല്ലെങ്കിൽ അവരുടെ കീഴിൽ അവകാശവാദമുന്നയിക്കുന്ന ഏതെങ്കിലും വ്യക്തികൾ എന്നിവർ രാമചന്ദ്ര റാവുവിനെതിരെയുള്ള ഏതെങ്കിലും അപകീർത്തികരമായ വാർത്തകൾ, അഭിപ്രായങ്ങൾ, പ്രസ്താവനകൾ അല്ലെങ്കിൽ കാൾ റെക്കോഡിങ്ങുകൾ അച്ചടിക്കുക, പ്രസിദ്ധീകരിക്കുക, അപ്‌ലോഡ് ചെയ്യുക, പ്രചരിപ്പിക്കുക അല്ലെങ്കിൽ സംപ്രേഷണം ചെയ്യുന്നതിൽനിന്ന് ഒരു എക്സ് പാർട്ടി ഇൻജങ്ഷൻ വഴി വിലക്കപ്പെട്ടിരിക്കുന്നുവെന്ന് കോടതി ഉത്തരവിൽ പറയുന്നു.
പ്രിന്റ് മീഡിയ, ഇലക്ട്രോണിക് മീഡിയ, ടെലിവിഷൻ ചാനലുകൾ, വെബ്‌സൈറ്റുകൾ, ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, വാട്ട്‌സ്ആപ്, യൂട്യൂബ് എന്നിവയുൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ എന്നിവക്ക് ഈ നിയന്ത്രണം ബാധകമാണ്.
കൂടാതെ, രാമചന്ദ്ര റാവുവുമായി ബന്ധപ്പെട്ട എല്ലാ അപകീർത്തികരമായ വിഡിയോകൾ, ഓഡിയോ ക്ലിപ്പുകൾ, കാൾ റെക്കോഡിങ്ങുകൾ, ദൃശ്യങ്ങൾ, പത്ര റിപ്പോർട്ടുകൾ എന്നിവ അവരുടെ വെബ്‌സൈറ്റുകളിലും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും നിലവിൽ ലഭ്യമായവയെല്ലാം ഉടൻ പിൻവലിക്കാൻ കോടതി പ്രതികളായ മാധ്യമ സ്ഥാപനങ്ങളോട് നിർദേശിച്ചു.
ഡയറക്ടറേറ്റ് ഓഫ് സിവിൽ റൈറ്റ്സ് എൻഫോഴ്‌സ്‌മെന്റിന്റെ (ഡി.സി.ആർ.ഇ) ഡി.ജി.പിയായി സേവനമനുഷ്ഠിച്ചിരുന്ന മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥൻ ഡോ. കെ. രാമചന്ദ്ര റാവുവുമായി ബന്ധപ്പെട്ട ചില അശ്ലീല വിഡിയോകളും ഓഡിയോ ക്ലിപ്പുകളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പ്രചരിക്കുകയും വാർത്ത ചാനലുകളിൽ സംപ്രേഷണം നടത്തുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് അദ്ദേഹത്തെ സർവിസിൽനിന്ന് സസ്‌പെൻഡ് ചെയ്യാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടു.
സംഭവവികാസങ്ങളിൽ അസ്വസ്ഥനായ രാമചന്ദ്ര റാവു, നിരവധി കന്നട, ദേശീയ വാർത്ത ചാനലുകൾ അശ്ലീല വിഡിയോകളുടെയും ഓഡിയോ ക്ലിപ്പുകളുടെയും അടിസ്ഥാനത്തിൽ ക്ഷുദ്രകരവും സ്ഥിരീകരിക്കാത്തതും തെറ്റായതുമായ പ്രസ്താവനകൾ സംപ്രേഷണം ചെയ്യുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചു. തനിക്കെതിരെ അപകീർത്തികരമായ ഉള്ളടക്കം സംപ്രേഷണം ചെയ്യുന്നതിൽനിന്ന് മാധ്യമങ്ങളെ തടയണമെന്നും ഇതിനകം പ്രസിദ്ധീകരിച്ച വാർത്ത റിപ്പോർട്ടുകൾ, വിഡിയോകൾ, ഓഡിയോ ക്ലിപ്പുകൾ എന്നിവ നീക്കം ചെയ്യാൻ നിർദേശം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.