അംബാരി ഹോപ് ഓണ്‍ ഹോപ് ഓഫ് ഡബ്ള്‍ ഡെക്കര്‍ ബസ് സര്‍വിസ് ആരംഭിച്ചു

ബംഗളൂരു: ബംഗളൂരുവില്‍ അംബാരി ഹോപ് ഓണ്‍ ഹോപ് ഓഫ് ഡബ്ള്‍ ഡെക്കര്‍ ബസ് സര്‍വിസ് രവീന്ദ്ര കലാക്ഷേത്രയില്‍ ടൂറിസം മന്ത്രി എച്ച്.കെ. പാട്ടീല്‍ ഫ്ലാഗ് ഓഫ് ചെയ്തു. കര്‍ണാടക ടൂറിസം വകുപ്പുമായി സഹകരിച്ച് കര്‍ണാടക സംസ്ഥാന ടൂറിസം വികസന കോര്‍പറേഷനാണ് (കെ.എസ്.ടി.ഡി.സി) പദ്ധതി നടപ്പാക്കിയത്.

വിനോദസഞ്ചാരികള്‍ക്ക് ബംഗളൂരുവിന്‍റെ സൗന്ദര്യം ആസ്വദിക്കാവുന്ന തരത്തിലാണ് ബസുകള്‍ രൂപകൽപന ചെയ്തതെന്ന് ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. രവീന്ദ്ര കലാ ക്ഷേത്രയിൽ ആരംഭിച്ച് കലാ ക്ഷേത്രയിൽതന്നെ അവസാനിക്കുന്ന രീതിയിലാണ് ബസ് റൂട്ട് തയാറാക്കിയത്. മൂന്നു ഡബ്ള്‍ ഡെക്കര്‍ ബസുകളാണ് നിലവില്‍ സര്‍വിസ് നടത്തുന്നത്. ഹഡ്‌സൺ സർക്ൾ, വിശ്വേശ്വരയ്യ മ്യൂസിയം, ക്വീൻസ് റോഡ് (ചിന്നസ്വാമി സ്റ്റേഡിയം റോഡ്), വിധാൻ സൗധക്ക് സമീപമുള്ള ഡോ. ബി.ആർ. അംബേദ്കർ റോഡ്, കെ.ആർ സർക്ൾ, കോർപറേഷൻ സിഗ്നൽ എന്നിവയാണ് റൂട്ടിലെ പ്രധാന സ്റ്റോപ്പുകൾ.

യാത്രക്കാരുടെ സൗകര്യത്തിനനുസരിച്ച് ആവശ്യമുള്ള സ്റ്റോപ്പുകളില്‍ കയറുകയും ഇറങ്ങുകയും ചെയ്യാം. മൈസൂരുവില്‍ പദ്ധതി വിജയമായതിനെത്തുടര്‍ന്നാണ് ബംഗളൂരുവിലും നടപ്പാക്കിയത്. 40 പേർക്ക് ഇരിക്കാന്‍ സീറ്റുകള്‍ ഉണ്ട്. എയർ കണ്ടീഷൻ ചെയ്ത ലോവർ ഡെക്കിൽ 20 പേര്‍ക്കും ഓപൺ-ടോപ് അപ്പർ ഡെക്കിൽ 20 പേര്‍ക്കും ഇരിക്കാം.

ബസ് റൂട്ടിലെ നിർദിഷ്ട സ്ഥലങ്ങളിലെത്തുമ്പോള്‍ സഞ്ചാരികള്‍ക്ക് ഓഡിയോ ഗൈഡിന്‍റെ കമന്‍ററി ലഭിക്കും. ട്രിനിറ്റി സർക്ൾ വരെയുള്ള 26 വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സര്‍വിസ് വ്യാപിപ്പിക്കാനാണ് പദ്ധതിയെന്ന് കെ.എസ്.ടി.ഡി.സി അധികൃതർ പറഞ്ഞു. ദിവസവും രാവിലെ 10 മുതൽ വൈകീട്ട് 5.30 വരെ ബസ് സര്‍വിസ് നടത്തും. ഒരു മുഴുവൻ ദിവസത്തെ പാസിന് 180 രൂപയാണ് നിരക്ക്. ടിക്കറ്റുകള്‍ kstdc.co.in എന്ന വെബ് സൈറ്റ് മുഖേനയോ രവീന്ദ്ര കലാക്ഷേത്രയിൽനിന്ന് നേരിട്ടോ വാങ്ങാം.

Tags:    
News Summary - Ambari Hop on Hop off double decker bus service launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.