സാക്കിയ, സാബിർ

യുവതിയുടെ കൊലപാതകം: പ്രതിശ്രുത വരൻ അറസ്റ്റിൽ

ബംഗളൂരു: ധാർവാഡ് മനാസൂരിൽ യുവതി കൊല്ലപ്പെട്ട കേസിൽ പ്രതിയെന്ന് കരുതുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ധാർവാഡ് ഗാന്ധി ചൗക്കിൽ താമസിക്കുന്ന യൂനുസ് മുല്ലയുടെ മകൾ സാക്കിയ മുല്ല (21) കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിശ്രുത വരൻ സാബിർ പർവേസ് അഹമ്മദ് മുല്ലയാണ് (25) അറസ്റ്റിലായത്.

ധാർവാഡിലെ സാധനകേരിയിലെ ഹഡ്‌കോ കോളനിയിലെ ഡ്രൈവറും താമസക്കാരനുമാണ് പ്രതിയെന്ന് ധാർവാഡ് ജില്ല പൊലീസ് സൂപ്രണ്ട് ഗുഞ്ചൻ ആര്യ പറഞ്ഞു. സാങ്കേതികവും ശാസ്ത്രീയവുമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്ത്. എന്നാൽ കുറ്റകൃത്യത്തിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താൻ കൂടുതൽ അന്വേഷണം നടക്കുന്നുണ്ട്. കുറ്റകൃത്യത്തിന് ഉപയോഗിച്ച കാർ പിടിച്ചെടുത്തു. പ്രതിയുടെയും ഇരയുടെയും വിവാഹം നിശ്ചയിച്ചിരുന്നുവെന്നും എന്നാൽ ഇതുവരെ വിവാഹനിശ്ചയ ചടങ്ങുകൾ നടന്നതായി വിവരമില്ലെന്നും എസ്.പി പറഞ്ഞു.

അതേസമയം, കുറ്റകൃത്യത്തിൽ പ്രതിയുടെ പിതാവിന് പങ്കുണ്ടെന്ന് യുവതിയുടെ മാതാപിതാക്കൾ സംശയിക്കുകയും സമഗ്രമായ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. ചൊവ്വാഴ്ച വൈകിട്ട് വീട്ടിൽ നിന്ന് ഇറങ്ങിയ സാക്കിയ രാത്രി വൈകിയും തിരിച്ചെത്തിയില്ല. തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി.

ധാർവാഡിന്റെ പ്രാന്തപ്രദേശത്തുള്ള മൻസൂർ റോഡിൽ നിന്ന് യുവതിയുടെ മൊബൈൽ ഫോൺ കണ്ടെത്തിയതിനെ തുടർന്ന് പൊലീസും കുടുംബാംഗങ്ങളും രാത്രി വൈകിയും തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. എന്നാൽ, പിറ്റേന്ന് (ബുധനാഴ്ച) രാവിലെയാണ് മൃതദേഹം കണ്ടെത്താൻ കഴിഞ്ഞത്.

ചൊവ്വാഴ്ച വൈകിട്ട് സാബിർ പ്രതിശ്രുത വധുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് അൽപം അകലെ ഉപേക്ഷിച്ചു. ശേഷം സാക്കിയ മുല്ലയുടെ കുടുംബാംഗങ്ങൾക്കൊപ്പം തിരിച്ചിൽ നടത്തി. കൊലപാതകത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പൊലീസ് കൂട്ടിച്ചേർത്തു.

News Summary - Young woman's murder in Dharwad Manasur: Fiancé arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.