ബംഗളൂരു: നഗരത്തിൽ അനധികൃതമായി താമസിച്ചുവരുന്നതിനിടെ പാക് യുവതി അറസ്റ്റിൽ. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിൽനിന്നുള്ള ഇഖ്റ ജീവാനിയാണ് (19) പിടിയിലായത്.
യുവതിയെ ഇന്ത്യയിലേക്ക് കടത്തിയ യു.പി സ്വദേശി മുലായം സിങ് യാദവും (26) അറസ്റ്റിലായിട്ടുണ്ട്. ജുന്നസാന്ദ്രയിലെ വാടകവീട്ടിൽ കഴിയുന്നതിനിടെ, കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി നൽകിയ വിവരപ്രകാരം ബെലന്തൂർ പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
യുവതിയെ പിന്നീട് കരുതൽ പാളയത്തിലേക്ക് മാറ്റി. യുവതിയിൽനിന്ന് വ്യാജ തിരിച്ചറിയൽ കാർഡ് കണ്ടെത്തി. മാസങ്ങൾക്കു മുമ്പ് ഓൺലൈൻ ഗെയിമിങ് ആപ് വഴി പരിചയപ്പെട്ട യു.പി സ്വദേശിയായ മുലായം സിങ്ങിനെ കാണാൻ യുവതി നേപ്പാൾ വഴി ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു.
ബംഗളൂരുവിലെ പ്രമുഖ കമ്പനിയിൽ സെക്യൂരിറ്റി ജീവനക്കാരനായ മുലായമിനൊപ്പം യുവതി ബംഗളൂരുവിലെത്തി അനധികൃതമായി താമസിച്ചുവരുകയായിരുന്നു. യുവതി രാവ യാദവ് എന്ന് പേരുമാറ്റി വ്യാജ തിരിച്ചറിയൽ രേഖയുണ്ടാക്കിയശേഷം ഇന്ത്യൻ പാസ്പോർട്ട് സംഘടിപ്പിക്കാൻ ശ്രമിച്ചിരുന്നതായി പൊലീസ് കണ്ടെത്തി.
പാകിസ്താനിലെ കുടുംബവുമായി ഓൺലൈനിൽ ബന്ധപ്പെടാൻ ശ്രമിക്കുന്നത് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയുടെ ശ്രദ്ധയിൽപെട്ടതോടെ ഇവർ നിരീക്ഷണത്തിലായിരുന്നു. തുടർന്നാണ് കർണാടക പൊലീസിന് വിവരം കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.