നിയമസഭ ഗ്രൂപ് ഫോട്ടോ സ്പീക്കർ യു.ടി.ഖാദർ, മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ.
ശിവകുമാർ തുടങ്ങിയവർ മുൻനിരയിൽ.
ബംഗളൂരു: കർണാടക എം.എൽ.എമാരുടെ ഗ്രൂപ് ഫോട്ടോഷൂട്ട് സംസ്ഥാനത്ത് നേതൃമാറ്റത്തെയും മന്ത്രിസഭ പുനഃസംഘടനയെയും കുറിച്ച അഭ്യൂഹങ്ങൾക്ക് വഴി തുറന്നു. അഞ്ച് വർഷ കാലാവധി അവസാനിക്കുന്ന 2028ലാണ് സാധാരണ ഇത് നടത്തേണ്ടത്. പുനഃസംഘടനയിൽ സ്പീക്കർ യു.ടി. ഖാദർ മന്ത്രിസഭയിൽ അംഗമാകാൻ സാധ്യതയുള്ളതിനാലാണ് അദ്ദേഹം ഗ്രൂപ് ഫോട്ടോഷൂട്ട് സംഘടിപ്പിച്ചതെന്ന് ഭരണകക്ഷി വൃത്തങ്ങളിൽ ചർച്ചകളുണ്ട്.
സ്പീക്കർ സഭയിൽ ഗ്രൂപ് ഫോട്ടോഷൂട്ട് പ്രഖ്യാപിക്കുകയും എം.എൽ.എമാരെ അതിൽ പങ്കെടുക്കാൻ ക്ഷണിക്കുകയും ചെയ്തപ്പോൾ, ചെയറിനെ അഭിസംബോധന ചെയ്ത് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അതിന് തെരഞ്ഞെടുത്ത സമയത്തെക്കുറിച്ച് ആശ്ചര്യം പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. പ്രതിപക്ഷമായ ബി.ജെ.പി എക്സിൽ ഗ്രൂപ് ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ട് കോൺഗ്രസിനോട് ചോദിച്ചു, ഇത് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഔട്ട്ഗോയിങ് ഫോട്ടോഷൂട്ട് ആണ്, അല്ലേ?അതേസമയം, എനിക്ക് അദ്ദേഹത്തെക്കുറിച്ച് (ഖാദർ) സംശയമുണ്ട്. സാധാരണയായി, അഞ്ച് വർഷത്തിന് ശേഷമാണ് ഗ്രൂപ് ഫോട്ടോഷൂട്ടുകൾ നടത്താറുള്ളത്.
സ്പീക്കർ എന്ന നിലയിലുള്ള തന്റെ കാലാവധി അവസാനിക്കുകയാണെന്ന് അദ്ദേഹത്തിന് തോന്നുന്നു, അതിനാൽ അതിനുമുമ്പ് ഫോട്ടോ തയ്യാറാക്കി വെക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നുവെന്ന് പരിഹാസരൂപേണ നിയമസഭ പ്രതിപക്ഷ നേതാവ് ആർ.അശോക സ്പീക്കറോട് പറഞ്ഞു. ഖാദർ എത്ര കാലം സ്പീക്കറായി തുടരുമെന്ന് സഭയെ അറിയിക്കണമെന്ന് അദ്ദേഹം മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടു.
ഹൈകമാൻഡ് തീരുമാനിക്കുന്നത് വരെ ഖാദർ സ്പീക്കറായി തുടരുമെന്ന് സിദ്ധരാമയ്യ പ്രതികരിച്ചു. മുഖ്യമന്ത്രി മാറ്റത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടെ ഭരണകക്ഷിയായ കോൺഗ്രസിനുള്ളിൽ അധികാരത്തർക്കം തുടരുന്നതിനിടയിൽ ചില കോൺഗ്രസ് എം.എൽ.എമാർ കുറച്ചുനാളായി മന്ത്രിസഭ പുനഃസംഘടനക്കായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.നിരവധി എം.എൽ.എമാർ മന്ത്രിസഭയിൽ ചേരാനുള്ള ആഗ്രഹം പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.