മംഗളൂരു: ബണ്ട്വാൾ റൂറൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ കുരിയാൽ ഗ്രാമത്തിലെ ഇരക്കൊടിയിൽ കഴിഞ്ഞ മാസം 27 ന് അബ്ദുൽ റഹിമാനെ വെട്ടിക്കൊല്ലുകയും കലന്ദർ ഷാഫിയെ ആക്രമിക്കുകയും ചെയ്ത കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. ബണ്ട്വാളിലെ തെങ്കബെല്ലൂരു ഗ്രാമത്തിലെ എം.സുമിത് ആചാര്യ (27), ബണ്ട്വാളിലെ ബഡഗബെല്ലൂരു ഗ്രാമത്തിലെ സി. രവിരാജ് (23) എന്നിവരാണ് അറസ്റ്റിലായത്. ബണ്ട്വാൾ താലൂക്കിൽ കുരിയാൽ ഗ്രാമത്തിലെ കെ.ദീപക് (21), അമ്മുഞ്ചെ ഗ്രാമത്തിലെ പി.പൃഥ്വിരാജ് (21), എം. ചിന്തൻ (19) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ 15 പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.
മംഗളൂരു: ബണ്ട്വാൾ റൂറൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ കുരിയാൽ ഗ്രാമത്തിലെ ഇരക്കൊടിയിൽ അബ്ദുറഹ്മാനെ ആക്രമികൾ വെട്ടിക്കൊന്ന സംഭവത്തിലേക്ക് നയിച്ചത് വിദ്വേഷ പ്രസംഗമാണെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ്. ദക്ഷിണ കന്നട ജില്ല ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടുറാവു വാർത്തസമ്മേളനം നടത്തുന്നതിനിടെയാണ് ഉസ്മാൻ കല്ലാപു ആക്ഷേപം ഉയർത്തിയത്.
ഗുണ്ടാ തലവനും ബജ്റംഗ്ദൾ പ്രവർത്തകനുമായ സുഹാസ് ഷെട്ടി കൊല്ലപ്പെട്ടതിനെത്തുടർന്ന് സംഘടിപ്പിച്ച ബജ്പെ ചലൊ റാലിയിലാണ് വിദ്വേഷ പ്രസംഗം നടത്തിയതെന്ന് ഉസ്മാൻ പറഞ്ഞു. ദക്ഷിണ കന്നട ജില്ലയിൽ അടുത്തിടെ നടന്ന അബ്ദുറഹ്മാന്റെ കൊലപാതകത്തിന് പിന്നിൽ സമൂഹ മാധ്യമങ്ങളിലെ പ്രകോപനപരമായ അഭിപ്രായങ്ങളാണോ എന്ന് ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചതായിരുന്നു സന്ദർഭം.
മന്ത്രി മറുപടി പറയാൻ തുടങ്ങുന്നതിനിടെ ഒപ്പം പിറകിൽ നിൽക്കുകയായിരുന്ന പ്രാദേശിക നേതാക്കൾക്കിടയിൽനിന്ന് ഉസ്മാൻ ഇടപെട്ട് സംസാരിക്കുകയായിരുന്നു. ഇത് മന്ത്രിയുടെ വാർത്തസമ്മേളനമാണ്, ദയവായി അടങ്ങൂ എന്ന് ദിനേശ് ഗുണ്ടുറാവുവും കൂടെയിരുന്ന ഐവാൻ ഡിസൂസ എം.എൽ.സിയും പറഞ്ഞതോടെ ഉസ്മാൻ നിശ്ശബ്ദത പാലിച്ചു.
വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നവർക്കെതിരെ പൊലീസും സർക്കാറും കർശന നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വേദിയിൽനിന്ന് ഇറങ്ങിയ ശേഷവും കല്ലാപു തന്റെ നിരാശ മാധ്യമങ്ങളോട് പ്രകടിപ്പിച്ചു. മന്ത്രി ദിനേശ് ഗുണ്ടു റാവുവിന്റെ ശൈലി ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഒട്ടും പ്രതീക്ഷ നൽകുന്നതല്ല എന്ന് വിമർശിച്ചു.
“ബജ്പെ ചലോ പരിപാടിയിൽ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയവരെയും കൊലപാതകത്തിനായി പ്രസ്താവനകൾ നടത്തിയവരെയും അറസ്റ്റ് ചെയ്യണം. ആരുടെയും ജീവൻ നഷ്ടപ്പെടരുത്. ദക്ഷിണ കന്നടയെ സമാധാനപരമായി നിലനിർത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഞങ്ങൾ കോൺഗ്രസ് നേതാക്കളാണ്.
ഞങ്ങളുടെ പാർട്ടി അധികാരത്തിലാണ്. പൊലീസ് കുറ്റവാളികളെ അറസ്റ്റ് ചെയ്യുകയാണ് വേണ്ടത്. ഫേസ്ബുക്ക് പോസ്റ്റുകളുടെ പേരിൽ ആളുകൾ അറസ്റ്റ് ചെയ്യപ്പെടുന്നു. ആരും ഞങ്ങളെ പിന്തുണക്കണമെന്ന് ആഗ്രഹിക്കുന്നില്ല. ഞങ്ങൾക്ക് നീതി വേണം. ജില്ലയിൽ ഇപ്പോൾ പുതിയ പൊലീസ് ഉദ്യോഗസ്ഥരുണ്ട്, ഞങ്ങൾ അവരെ വിശ്വസിക്കുന്നു’’ -ഉസ്മാൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.