മംഗളൂരു: എരഗുണ്ടി വെള്ളച്ചാട്ടത്തിന് മുകളിൽ കുടുങ്ങിയ അഞ്ച് വിനോദസഞ്ചാരികളെ തിങ്കളാഴ്ച നാട്ടുകാർ രക്ഷപ്പെടുത്തി. ദക്ഷിണ കന്നട ജില്ലയിൽ മൂഡ്ബിദ്രി താലൂക്കിലെ പുട്ടിഗെ ഗ്രാമത്തിലെ പാലഡ്കയിലാണ് സംഭവം. സന്ദർശകർ പ്രദേശവാസികളുടെ മുന്നറിയിപ്പുകൾ അവഗണിച്ച് വെള്ളച്ചാട്ടത്തിന്റെ മുകൾ ഭാഗത്തേക്ക് കയറിയതായി പൊലീസ് പറഞ്ഞു. എന്നാൽ, നദിയിലെ ജലനിരപ്പ് പെട്ടെന്ന് ഉയർന്നതിനാൽ വിനോദസഞ്ചാരികൾ ഒറ്റപ്പെടുകയും സഹായത്തിനായി നിലവിളിക്കുകയും ചെയ്തു.
നാട്ടുകാർ അഞ്ച് പേരെയും കയറുകൾ ഉപയോഗിച്ച് സുരക്ഷിത സ്ഥാനത്ത് എത്തിച്ചു. ആളപായമോ പരിക്കുകളോ ഇല്ല. കനത്ത മഴയുള്ള സമയങ്ങളിൽ വെള്ളച്ചാട്ടങ്ങളും കുന്നിൻ പ്രദേശങ്ങളും സന്ദർശിക്കരുതെന്ന് ജില്ല അധികാരികൾ നേരത്തേ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഈ ഉപദേശങ്ങൾ അവഗണിക്കുന്ന ചില വിനോദസഞ്ചാരികളുടെ പ്രവണത പ്രാദേശിക സമൂഹങ്ങൾക്കും രക്ഷാപ്രവർത്തകർക്കും വെല്ലുവിളികൾ ഉയർത്തുന്നത് തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ നാല് ദിവസമായി കർണാടകയുടെ തീരദേശമേഖലയിൽ കനത്ത മഴ പെയ്യുന്നു. ദക്ഷിണ കന്നട ജില്ലയിലെ സാധാരണ ജീവിതത്തെ ഇത് സാരമായി ബാധിച്ചു. ഇതോടെ റെഡ് അലർട്ട് പ്രഖ്യാപിക്കാനും ദുരന്തനിവാരണ സംഘങ്ങളെ വിന്യസിക്കാനും അധികൃതർ നിർബന്ധിതരായി. കർണാടകയുടെ തീരദേശ മേഖലകളിൽ അടുത്ത അഞ്ച് ദിവസത്തേക്ക് റെഡ് അലർട്ട് തുടരുമെന്ന് ഐ.എം.ഡി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.