ബംഗളൂരു: താൻ മുഖ്യമന്ത്രിയാകുമോ എന്ന് കാലം ഉത്തരം നൽകുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ചാമരാജ്നഗർ ജില്ലയിലെ ശ്രീ ജഗൻമോഹൻ രംഗനാഥസ്വാമി ക്ഷേത്ര പുനരുദ്ധാരണത്തില്‍ പങ്കെടുത്ത ശേഷം മാധ്യമപ്രവര്‍ത്തകാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി മാറ്റത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്കിടയിൽ ക്ഷേത്ര ദര്‍ശനം നടത്തിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ജനങ്ങളാണ് ദൈവമെന്ന് അദ്ദേഹം മറുപടി നല്കി.
സംസ്ഥാന സർക്കാർ മൂന്ന് വർഷം പൂർത്തിയാക്കിയ സാഹചര്യത്തിൽ കോൺഗ്രസ് ഹൈകമാൻഡ് ഉടൻ തന്നെ നേതൃമാറ്റവും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സംസ്ഥാന മന്ത്രിസഭാ പുനഃസംഘടനയും തീരുമാനിച്ചേക്കുമെന്ന പാർട്ടിക്കുള്ളിലെ വലിയ പ്രതീക്ഷകൾക്കിടയിലാണ് ശിവകുമാറിന്റെ പ്രസ്താവന എന്നത് ശ്രദ്ധേയമാണ്.
മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള അധികാര തർക്കം രമ്യമായി ചർച്ച ചെയ്ത് പരിഹരിക്കുന്നതിനായി പാർട്ടിയിലെ ഉന്നതർ ഉടൻ തന്നെ മുഖ്യമന്ത്രി സിദ്ധരാമയ്യയെയും സംസ്ഥാന കോൺഗ്രസ് മേധാവി കൂടിയായ ശിവകുമാറിനെയും ന്യൂഡൽഹിയിലേക്ക് വിളിപ്പിച്ചേക്കുമെന്നാണ് അണികളുടെ പ്രതീക്ഷ. 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി വിജയിച്ചപ്പോൾ മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ഉണ്ടാക്കിയ അധികാര പങ്കിടൽ കരാറിന് അനുസൃതമായി ശിവകുമാറിന് സ്ഥാനക്കയറ്റം നൽകണമെന്നാണ് അനുയായികളുടെ ആവശ്യം. കഴിഞ്ഞ വർഷം നവംബറിൽ കോൺഗ്രസ് സർക്കാർ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയതോടെയാണ് ഭരണകക്ഷിക്കുള്ളിലെ നേതൃത്വ തർക്കം രൂക്ഷമായത്. നേതൃമാറ്റ വിഷയം പരിഗണനയിലുണ്ടെങ്കിൽ കോൺഗ്രസ് ഹൈകമാൻഡ് അത് വ്യക്തമാക്കുമെന്ന് കർണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര പറഞ്ഞു. ആരാണ് നേതൃമാറ്റം സംബന്ധിച്ച ചോദ്യം ഉന്നയിച്ചത്? ഒരു മാറ്റവും ഉപമുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്ക് ഹൈകമാൻഡ് ഉണ്ട്. എന്ത് ചെയ്യണമെന്നും എപ്പോൾ ചെയ്യണമെന്നും അവർ തീരുമാനിക്കും.
മുഖ്യമന്ത്രി പദം സംബന്ധിച്ച വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് തങ്ങളല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിദ്ധരാമയ്യ മുഖ്യമന്ത്രിയായി അധികാരമേറ്റെടുക്കുമ്പോൾ അദ്ദേഹത്തിന് പ്രത്യേക സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് പരമേശ്വര പറഞ്ഞു. തിങ്കളാഴ്ച ഊർജ്ജ മന്ത്രി കെ.ജെ. ജോർജിന്റെ വസതിയിൽ വെച്ച് എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായും ചർച്ച നടത്തിയിരുന്നു. ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി കെ.എച്ച്. മുനിയപ്പ, ചീഫ് വിപ്പ് അശോക് എം. പഠാൻ, മുഖ്യമന്ത്രിയുടെ നിയമ ഉപദേഷ്ടാവും എം.എൽ.എയുമായ എ.എസ്. പൊന്നണ്ണ, ശാന്തിനഗർ എം.എൽ.എ. എൻ.എ. ഹാരിസ് എന്നിവര്‍ പങ്കെടുത്തു. ഏകദേശം 45 മിനിറ്റോളം ചര്‍ച്ച നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.